Saturday, November 24, 2012

പശുവിനെക്കുറിച്ച്‌ പത്തുവാചകങ്ങൾ

കഥ
വിനോദ്‌ ഇളകൊള്ളൂർ













        ജീവിതത്തിൽ ആദ്യമായി ഞാൻ സ്വന്തമായി എഴുതിയ വാചകങ്ങൾ പശുവിനെക്കുറിച്ചായിരുന്നു. പശുവിനെക്കുറിച്ച്‌ പത്തുവാചകങ്ങൾ എഴുതിക്കൊണ്ടുവരണമെന്ന് പറഞ്ഞത്‌ മത്തായിസാറാണ്‌. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്‌. പുത്തൻമണമുള്ള മലയാളം രചനാ ബുക്കിന്റെ ആദ്യതാളിൽ ഞാൻ പെൻസിൽ കൊണ്ടെഴുതിയ പശു എന്ന തലക്കെട്ട്‌ കറുകറാ കറുത്തുകിടക്കുന്നത്‌ ഇപ്പോഴും തെളിമയുള്ള ഓർമ്മയാണ്‌.


പശു പാലും ചാണകവും തരുമെന്നും, നാലു കാലുണ്ടെന്നും, വാലുണ്ടെന്നും, പുല്ലുതിന്നുമെന്നും എഴുതിത്തീർത്ത്‌ എണ്ണിനോക്കുമ്പോൾ വാചകങ്ങൾ ഒൻപതേയുള്ളൂ. തൊഴുത്തിൽ പോയി ഞാൻ വീണ്ടും പരിശോധിച്ചു. പത്താമത്തെ വാചകം എഴുതാൻ ഒന്നുമില്ലെന്ന് അയവെട്ടി പശു എന്നെ നോക്കി മെല്ലെയൊന്നു കരഞ്ഞു.


പേനാക്കത്തിയോളം പോന്ന മത്തായിസാറിന്റെ നഖങ്ങളെക്കുറിച്ചോർത്ത്‌ എന്റെ കണ്ണുനിറഞ്ഞു. പശുവിന്‌ മുന്നിൽ വെച്ച കാടിവെള്ളത്തിൽ കൈയ്യിളക്കിക്കൊണ്ടിരുന്ന അമ്മയാണ്‌ അന്നേരം പത്താമത്തെ വാചകം എനിക്ക്‌ പറഞ്ഞുതന്നത്‌. - "പശു സ്നേഹമുള്ള ജീവിയാണ്‌.."

ക്ലാസ്‌ മുറിയിൽ മത്തായിസാറിനെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു ആ പത്താമത്തെ വാചകം.

പിന്നീട്‌ മലയാളം രചനാ ബുക്കിൽ മത്തായിസാർ തരുന്ന വിഷയങ്ങൾക്കെല്ലാം ഒന്നാമത്തെ വാചകം എനിക്ക്‌ നിസ്സാരമായി കണ്ടെത്താൻ കഴിയുമായിരുന്നു.

തെങ്ങ്‌ എന്ന വിഷയത്തിന്‌ ഞാൻ ആദ്യവാചകം ഇങ്ങനെയെഴുതി - "തെങ്ങ്‌ സ്നേഹമുള്ള ഒരു വൃക്ഷമാണ്‌."

ഭൂമിയെക്കുറിച്ചുള്ള ഒന്നാമത്തെ വാചകം ഇങ്ങനെയായിരുന്നു - "ഭൂമി സ്നേഹമുള്ള ഒരു ഗ്രഹമാണ്‌."

കർഷകൻ എന്നു വന്നപ്പോൾ "കർഷകൻ സ്നേഹമുള്ള മനുഷ്യനാണ്‌" എന്നെഴുതി.

പള്ളിക്കൂടം കഴിഞ്ഞ്‌, പിന്നീടുവന്ന ജീവിതപരീക്ഷകളിലും എന്റെ ആദ്യവാചകം ഇങ്ങനെയായിരുന്നു തുടങ്ങിയത്‌. അത്ഭുതം കൊണ്ട്‌ കണ്ണുതള്ളിപ്പോയ അദ്ധ്യാപകർ കൈനിറയെ മാർക്കാണ്‌ അപ്പോഴൊക്കെ എനിക്ക്‌ നൽകിയത്‌.

കൂട്ടത്തിൽ പറയട്ടെ, എന്റെ അമ്മ പള്ളിക്കൂടത്തിൽ പഠിച്ചിട്ടില്ലായിരുന്നു.

O


PHONE : 9447779152


8 comments:

  1. ഞാന്‍ സ്നേഹമുള്ള ഒരു ബ്ലോഗര്‍ ആണ്.. ;)

    ReplyDelete
  2. നല്ല സ്നേഹമുള്ള അമ്മയാണ്, ല്ലേ?

    ReplyDelete
  3. സ്നേഹം പഠിക്കാന്‍ ഒരു പള്ളിക്കൂടത്തിലും പോകേണ്ട.അത് പഠിപ്പിക്കുന്ന പള്ളിക്കൂടം വീടു തന്നെ

    ReplyDelete
  4. ലളിതം, മനോഹരം.

    ReplyDelete

Leave your comment