Sunday, September 15, 2013

'കിഴവനും കടലും' വായിക്കുമ്പോൾ

പുസ്തകം
സിയാഫ്‌ അബ്ദുൾ ഖാദിർ










 ല്ലാതെ മോഹിപ്പിക്കുന്ന, ഓരോ മുടുക്കുകളിലും നിറയെ ചതിക്കുഴികളുള്ള, മറികടക്കാൻ പ്രയാസമുള്ള പ്രതിസന്ധികൾ നിറഞ്ഞ, തരണം ചെയ്തു കഴിയുമ്പോൾ എത്ര നിസ്സാരമായ പ്രശ്നങ്ങൾ ആണ്‌ കഠിനമായ സമസ്യകൾ എന്ന് കരുതിയിരുന്നത്‌ എന്ന് തോന്നിപ്പിക്കുന്ന, മയിൽപ്പീലി പോലെ മോഹിപ്പിക്കുകയും കൊടിയ ശത്രുവിനെപ്പോലെ ദ്രോഹിക്കുകയും ചെയ്യുന്ന ജീവിതം എന്ന മഹാത്ഭുതത്തെ കണ്ടെത്തുകയാണ്‌ ഏണസ്റ്റ്‌ ഹെമിംഗ്‌വേ തന്റെ 'കിഴവനും കടലും' എന്ന കൃതിയിൽ. ഏത്‌ വിഷമകരമായ പ്രതിസന്ധിയെയും തരണം ചെയ്യാൻ തളരാത്ത ഇച്ഛാശക്തി ഒന്നു മാത്രമേ വേണ്ടൂ.

മൂന്നേമൂന്നു കഥാപാത്രങ്ങൾ മാത്രമാണ്‌ ഈ കൃതിയിലുള്ളത്‌. കിഴവൻ, ഒരു മർലിൻ മത്സ്യം, പിന്നൊരു കുട്ടിയും. കുട്ടി തന്നെ ആദ്യഭാഗത്തും അവസാനത്തെ ചില വരികളിലും മാത്രമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. എല്ലായ്പ്പോഴും തന്റെ സഹായി ആയി കിഴവൻ അവനെ ഓർമ്മിക്കുന്നതിലൂടെ കുട്ടി, നോവലിലെ ഏറ്റവും സജീവമായ കഥാപാത്രമായി മാറുന്നു. കടൽ - ഹെമിംഗ്‌വേ കടലിന്റെ ഭാവങ്ങളെ, കടലിനെ തന്നെ പരാമർശിക്കാതെ വിട്ടുകളയുന്നുണ്ടെങ്കിലും ഈ ചെറുനോവൽ വായിക്കുന്ന ഓരോ നിമിഷവും നിങ്ങൾക്ക്‌ ചുറ്റും ഒരു മഹാസമുദ്രം അലയടിക്കും. ഒന്നു വഴുക്കിയാൽ താഴേക്ക്‌ വീണുപോകാവുന്ന അരികുകളുള്ള ഒരു വലിയ നിശബ്ദതയാണ്‌ കടൽ എന്നാണ്‌ ഞാൻ കരുതിയിരുന്നത്‌. കീഴടക്കാനാവാത്ത ഒരു വലിയ നിസ്സഹായത. കരുണയില്ലാതെ വിഴുങ്ങാനടുക്കുന്ന ഒരു ക്രൂരത. പുറത്തുകടക്കാൻ വഴിയില്ലാത്ത ഒരു ഒറ്റപ്പെടൽ. ഓരോ സെക്കന്റിലും കടൽ നമ്മെ വെല്ലുവിളിക്കുന്നു. കിഴവന്‌ കീഴടക്കേണ്ടത്‌ പലതിനെയാണ്‌. അനന്തമായ കടൽ, ചൂണ്ടയിൽ കുടുങ്ങിയ മീൻ, കരണ്ടി മൂക്കൻ സ്രാവുകൾ, വിശപ്പ്‌ എന്നിവ പ്രത്യക്ഷത്തിലും പ്രായം പഴയതാക്കിയ കണ്ണുകൾ ഒഴികെയുള്ള തന്റെ അവയവങ്ങൾ, തന്റെ ജോലിയിലെ പ്രാഗത്ഭ്യത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, ഉറക്കം, തന്റെ സഹായിയായിരുന്ന കുട്ടിയുടെ അസാന്നിധ്യം കൊണ്ടുണ്ടാകുന്ന വിഷമതകൾ എന്നിങ്ങനെ പരോക്ഷമായതുമായ നിരവധി പ്രതിസന്ധികൾ. ഓരോന്നിന്റെയും വില അയാളുടെ ജീവൻ തന്നെയാണ്‌. ഒരു കമ്പ്യൂട്ടർ ഗെയിം പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്‌ നീളുന്ന പ്രശ്നപരമ്പരകൾ. മീൻ കിട്ടാത്ത എൺപത്തഞ്ചാം ദിവസം, മുമ്പു തന്റെ സഹായിയായിരുന്ന കുട്ടിയുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ്‌ കഥ ആരംഭിക്കുന്നത്‌. കുറേ ദിവസങ്ങളായി മീനൊന്നും ലഭിക്കാത്തതുകൊണ്ട്‌ കിഴവൻ പരിഹാസപാത്രമായിക്കഴിഞ്ഞിരുന്നു. എന്തിനും ഏതിനും അയാൾക്കൊപ്പം സഹായിയായിരുന്ന കുട്ടിപോലും അച്ഛന്റെ ശകാരം സഹിക്കാതെ കൂടുതൽ മീൻ കിട്ടുന്ന മറ്റു വള്ളക്കാർക്കൊപ്പം പോയിത്തുടങ്ങിയിരുന്നു. കിഴവന്റെ കണ്ണുകളല്ലാതെ മറ്റെല്ലാം പഴക്കം ചെന്നവയായിരുന്നു. സ്വയം തെളിയിക്കുകയല്ലാതെ കിഴവന്‌ മറ്റു മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. ആയിരംവട്ടം അയാൾ അത്‌ ചെയ്തിരുന്നെങ്കിൽ പോലും. അങ്ങനെയാണ്‌ അയാൾ വള്ളമിറക്കുന്നത്‌. തനിക്കൊരു കോളുകിട്ടാതെ നിവൃത്തിയില്ലെന്ന് അയാൾക്കറിയാമായിരുന്നു. വിൽക്കാനോ മറ്റെന്തെങ്കിലും കാര്യസാധ്യത്തിനോ അല്ല, മീനുകളെ സ്നേഹിക്കുന്നതു കൊണ്ടാണ്‌ താൻ അവയെ കൊല്ലുന്നതെന്ന് അയാൾ ചിന്തിക്കുന്നു. സ്നേഹിക്കുന്നത്‌ കൊല്ലാനുള്ള അവകാശമാണെന്ന് അയാൾ വാദിക്കുന്നു. എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കൊല്ലപ്പെടുന്നവർ ആണ്‌. മീൻ പിടുത്തം ജീവൻ നിലനിർത്തുമ്പോൾ തന്നെ എന്നെ കൊല്ലുന്നുമുണ്ട്‌.




കുട്ടിയും എന്റെ  ജീവൻ നിലനിർത്തുന്നു എന്നൊക്കെ അയാൾ ചിന്തിക്കുന്നു. ഒരു ഘട്ടത്തിൽ താൻ പിടിച്ച മീനിനോട്‌ തന്നെ കൊന്നുകൊള്ളാൻ അയാൾ ആവശ്യപ്പെടുന്നുമുണ്ട്‌. താൻ കൊല്ലാൻ പോകുന്ന മീനിനു വേണ്ടി അയാൾ മതവിശ്വാസിയല്ലാതിരുന്നിട്ടുകൂടി നന്മ നിറഞ്ഞ മറിയവും സ്വർഗ്ഗസ്ഥനായ പിതാവും ഒക്കെ ചൊല്ലുകയും ചെയ്യുന്നു. ഒരിക്കൽ തങ്ങൾക്ക്‌ കിട്ടിയ ഇണമത്സ്യങ്ങളിലൊന്നിനെ കൊന്നതിനെപ്പറ്റി കിഴവൻ ഓർക്കുന്നതിങ്ങനെ;"ഞങ്ങൾ അവളോട്‌ മാപ്പു ചോദിച്ചു, എന്നിട്ട്‌ വെട്ടിനുറുക്കി." ചൂണ്ടക്കൊളുത്തിൽ കുടുങ്ങുന്ന മത്സ്യം കഥയെ തോണിയെയെന്ന പോലെ വലിച്ചുകൊണ്ടുപോകുന്നു. വലിയ ആ മത്സ്യവുമായി അയാൾ പതിവുപോലെ സ്നേഹത്തിലാവുന്നു. തന്നെ വേണമെങ്കിൽ കൊന്നോളൂ എന്നുപോലും അയാൾ പറയുന്നു. അത്രയും സ്നേഹം, അത്രയും ഉദാരത. കടൽ വലിയ ഒരു നിശബ്ദത അല്ലെന്നു ഹെമിംഗ്‌വേ നമ്മോട്‌ പറയുന്നത്‌ മീൻ കുടുങ്ങുന്ന നിമിഷം തൊട്ടാണ്‌. അവിടെ പലതുമുണ്ട്‌. പറക്കും മത്സ്യങ്ങൾ, ഡോൾഫിനുകൾ, മത്സ്യങ്ങളുടെ പിറകേ പായുന്ന പക്ഷികൾ, കരണ്ടിമൂക്കൻ സ്രാവുകൾ, തോണിയിൽ പ്രാപ്പിടിയൻ പക്ഷികളോട്‌ പൊരുതിത്തളർന്ന് ഒരു ക്ഷണം വിശ്രമിക്കാനെത്തുന്ന പക്ഷിക്കുഞ്ഞ്‌. അങ്ങനെ അതിനെ ശബ്ദായമാനമാക്കുന്ന എന്തെല്ലാം? ഒരു മനുഷ്യനും ഒരിക്കലും ഒറ്റപ്പെടാൻ കഴിയില്ലെന്ന് ഈ കൃതി നമ്മോട്‌ പറയുന്നുണ്ട്‌. തനിച്ചാണെന്ന് കരുതുമ്പോഴും നമ്മോടൊപ്പം എന്തെങ്കിലുമുണ്ട്‌. നിർമമമായി ഇഴയുന്ന ഒരൊച്ച്‌, വരിവെച്ച്‌ ജാഥ പോകുന്ന ഉറുമ്പുകൾ, ചിറകടിക്കുന്ന ഒരു നിശാശലഭം, അങ്ങനെയെന്തെങ്കിലും. പ്രത്യാശയുടെ ഒരു കടലാണ്‌ ഈ കൃതി. പോരാട്ടവീര്യത്തിന്റെ ഒടുങ്ങാത്ത ഊർജ്ജം തിളയ്ക്കുന്ന ഒരു സമോവർ.

നിരാശാഭരിതമെന്ന് നാം കരുതുന്ന ജീവിതത്തെ നേരിടാൻ നമുക്ക്‌ തളരാത്ത ഇച്ഛാശക്തി കൂട്ടിനുണ്ടെന്ന് ഹെമിംഗ്‌വേ ഓർമ്മിപ്പിക്കുന്നു. എല്ലാ വിധത്തിലുള്ള വേദനകളോടും പ്രതിസന്ധികളോടും പൊരുതാൻ പര്യാപ്തമായ മനുഷ്യന്റെ ആത്മവീര്യത്തിന്റെ ബൈബിൾ ആണ്‌ ഈ കൃതി. എതിരാളിയുടെ മഹത്വത്തെ അംഗീകരിക്കുന്നത്‌ എങ്ങനെ എന്ന് നമുക്കീ കൃതിയിൽ കാണാം. താൻ കൊല്ലാൻ പോകുന്ന മത്സ്യത്തെ സ്നേഹിക്കുന്ന, അവനു വേണ്ടി പ്രാർത്ഥിക്കുന്ന, സഹോദരതുല്യൻ എന്നു വിശേഷിപ്പിക്കുന്ന സാന്തിയാഗോ എന്ന കിഴവൻ വിശ്വസാഹിത്യത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ്‌. എല്ലാം കഴിഞ്ഞ്‌ ഫോർഡ്‌ കാറിന്റെ ലീഫ്‌ സ്പ്രിംഗ്‌ കൊണ്ട്‌ സ്രാവുകളെയും വലിയ മീനുകളെയും നേരിടാനായി കുന്തം ഉണ്ടാക്കണം എന്നുറച്ച്‌ ഉറങ്ങാൻ പോകുമ്പോൾ അയാൾ സ്വപ്നം കാണുന്നത്‌ സിംഹങ്ങളെയാണ്‌. എന്തുകൊണ്ടെന്നാൽ, അയാൾ വിശ്വസിക്കുന്നത്‌ "നശിപ്പിക്കാം, പക്ഷെ പരാജയപ്പെടുത്താനാവില്ല" എന്നാണല്ലോ. അമേരിക്കയിലെ ഇല്ലിനോയിസിൽ ജനിച്ച ഹെമിംഗ്‌വേ ഈ ചെറുനോവലിന്‌ നോബൽ സമ്മാനം നേടിയിട്ടുണ്ട്‌. ആയുധങ്ങളേ വിട, മണി മുഴങ്ങുന്നതാർക്കു വേണ്ടി, സ്നോസ്‌ ഓഫ്‌ കിളിമഞ്ചാരോ, മൂവബിൾ ഫീസ്റ്റ്‌ എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ. 


O


2 comments:

  1. നന്നായിട്ടുണ്ട്.....................

    ReplyDelete
  2. കൊള്ളാം തുടരുക.......................

    ReplyDelete

Leave your comment