കവിത
വി.ഗീത
രാത്രി ഒരു പാവം.
ആരും കാണാതെ
ഒളിച്ചൊളിച്ച്,
ഇരുട്ടിലൂടെ
അവൾ വന്നുനിറയുമ്പോൾ
കൂമന്റെ ചോദ്യങ്ങൾ
നക്ഷത്രങ്ങളുടെ കള്ളച്ചിരി
നായ്ക്കളുടെ ഓരിയിടൽ
കാലൻ കോഴിയുടെ അട്ടഹാസം
ഗൂർഖയുടെ വിസിലടി.
ദൂരെ ആളുന്ന അഗ്നികുണ്ഡങ്ങൾ
തിടുക്കത്തിലുള്ള പദവിന്യാസങ്ങൾ
ഉറവിടമറിയാത്ത ഒരു നിലവിളി.
അവൾ പേടിച്ച്
ഓടി മറയുമ്പോൾ,
വിജയഭേരിയുമായി
സുവർണ്ണരഥത്തിൽ
രാജകീയ മന്ദഹാസത്തോടെ
പകൽ എഴുന്നള്ളി.
O
No comments:
Post a Comment
Leave your comment