Wednesday, February 26, 2014

നായ്ക്കുരണ

കവിത
ഇടക്കുളങ്ങര ഗോപൻ











ശൂന്യതയിൽ, മൈക്കിലൂടെ
ആചാര്യസ്മരണ പുതുക്കുമ്പോൾ
സ്മൃതിമണ്ഡപത്തിനരികിലിരുന്ന്
വാൽമുറിയൻ നായ ഓരിയിടുന്നു.
പട്ടിക്കെന്ത്‌ ആചാര്യൻ?
കാലമൊരു തിരി തെളിച്ചുവെച്ചു.
കാര്യസ്ഥന്റെ നിഴൽ മായ്ക്കാൻ.

ചുവന്നവാനം
നായയ്ക്കും ഭയമായിരുന്നു.
തലതിരിഞ്ഞ തലമുറയിലെ
അഭിനവനായകന്മാർ
പൂക്കൾവെച്ച്‌, ശ്രാദ്ധമൂട്ടി
ചരിത്രത്തിനു പിണ്ഡം വെച്ചു.
വെളുക്കാൻ തേച്ചതൊക്കെ
പാണ്ടായി മാറിയപ്പോൾ,
വെള്ളക്കാരന്‌ കുഴലൂതി, പണ്ടുകിട്ടിയ
പട്ടുംവളയും
പാണ്ടിത്തട്ടാർക്ക്‌ പണയം വെച്ച്‌,
മച്ചിപ്പശുവിന്‌ വൈക്കോൽ വാങ്ങി.

ചാരുകസേരയിൽ
ഞെളിഞ്ഞിരിക്കുമ്പോഴും
കുളിച്ചില്ലെങ്കിലെന്താ, കോണകം
അയയിൽത്തന്നെ കിടക്കട്ടെയെന്ന
ഭാവം മാത്രം.
നായ ഓരിയിടുമ്പോൾ
കാലത്തിനെന്തു സംഭവിക്കും?
നനഞ്ഞ കോണകം
അയയിൽക്കിടന്ന് ചിരിയോടു ചിരി!


O

PHONE : 9447479905



No comments:

Post a Comment

Leave your comment