കഥ
വിനോദ് ഐസക്
രണ്ടുദിവസം നീണ്ടുനിന്ന സെമിനാർ അവസാനിക്കാനുള്ള നേരമായിരിക്കുന്നു. ആധുനിക സ്ത്രീത്വത്തിന്റെ പുരോഗതി എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ആധുനിക യുവത്വങ്ങൾ, ശക്തമായ ഭാഷയിൽ തന്നെ സംസാരിച്ചു.
മോഡറേറ്റർ ഇടയ്ക്ക് കയറി ചോദ്യം ഉന്നയിച്ചു.
"പുതുതലമുറ വഴിതെറ്റുന്നു എന്ന ആരോപണത്തെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?"
കണ്ണടവെച്ച ഒരുവൾ ചാടിയെഴുന്നേറ്റ് അലറി.
"ന്യൂ ജനറേഷൻ പഴയശീലങ്ങൾ വെടിഞ്ഞ് പുതിയ പ്രത്യശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരാണ്. ഇഷ്ടപ്പെട്ട ആണിനൊപ്പം സ്വതന്ത്രമായി സഞ്ചരിക്കാനും ഇടപഴകാനും ആരെയും ഭയക്കേണ്ടതില്ല. കുടുംബം, സദാചാരം എന്നൊക്കെയുള്ള നിയന്ത്രണരേഖ ഞങ്ങൾ ഇഷ്ടപ്പെടുന്നേയില്ല."
കണ്ണടക്കാരിയുടെ അഭിപ്രായം ശരിവെക്കുന്ന രീതിയിൽ സമസിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്ന കൂട്ടുകാരികൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
അടുത്ത ഊഴത്തിന് അർഹയായ യുവരക്തം ക്ഷോഭിച്ചു.
"മാര്യേജ് ബോറ് പരിപാടിയാണ്. ഹസ്ബന്റ് എന്ന ചങ്ങലയിൽ ഞങ്ങളെ തളച്ചിടാൻ കഴിയില്ല. കുട്ടികൾ, കുടുംബം ഇതൊന്നും ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല!"
ഹാളിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുള്ള കൈയ്യടി മുഴങ്ങി. രണ്ടുദിവസത്തെ സെമിനാറിൽ വിജയം കൊയ്ത് ന്യൂ ജനറേഷൻ പുതിയ വെബ്‌സൈറ്റ് രൂപീകരിച്ചു.
www.അബോർഷൻ.കോം
(മുന്നറിയിപ്പ്: മാതാപിതാക്കളെ അനുസരിക്കുന്നവരും വിവാഹേതരബന്ധങ്ങൾ ഇഷ്ടപ്പെടാത്തവരും ഈ സൈറ്റ് ഓപ്പൺ ചെയ്യരുത്)
O
No comments:
Post a Comment
Leave your comment