Saturday, July 28, 2012

സൂം ഇൻ - 5

സിനിമ
മുഞ്ഞിനാട്‌ പത്മകുമാർ




സിനിമയിലെ ചരിത്രനിർവ്വചനങ്ങൾ




          റ്റാലിയൻ സിനിമയുടെ കാരണവരിൽ ഒരാളായ പിയറെ പസോളിനിയുടെ 'സാലോ ഓർ 120 ഡെയ്സ്‌ ഓഫ്‌ സോദോം' (Salo OR 120 Days of Sodom) എന്ന സിനിമയിലെ ഒരു രംഗം ഓർമ്മ വരുന്നു. ഫാസിസ്റ്റുകളുടെ ക്രൂരമായ പീഢനചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന മൂന്ന് അധ്യായങ്ങളിലേക്കാണ്‌ പസോളിനി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌. അമ്മയെ കൊന്നതിനാൽ ഞാൻ അഭിമാനിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ഫാസിസ്റ്റിന്റെ മുന്നിൽ നിന്ന് ഒരു തടവുകാരി അലറിക്കരയുന്നു. അവളുടെ നിലവിളി ചരിത്രത്തിന്റെ ഇരുണ്ട അടയാളങ്ങളെ തീപിടിപ്പിക്കുന്നു. ഫാസിസത്തിന്റെ ജീർണ്ണത മുഴുവൻ അവരുടെ നിലവിളിയുടെ വിവിധ ഷോട്ടുകളിലൂടെ പസോളിനി ഒപ്പിയെടുക്കുന്നു. വൈകൃതത്തിന്റെയും വിസർജ്ജ്യത്തിന്റെയും രക്തത്തിന്റെയും രൂക്ഷഗന്ധം ഫ്രെയിമുകളിൽ നിന്ന് പുറത്തേക്കൊഴുകുന്നു. സർപ്പദംശനസദൃശ്യമായ തണുപ്പ്‌ നമ്മുടെ വരണ്ട കോശങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. ഒന്നുറക്കെ പൊട്ടിക്കരയുന്നതിനു മുൻപേ നാം നിലംപതിക്കുന്നു.


Pasolini

പസോളിനിയുടെ ജീവിതവും സിനിമയും തമ്മിൽ ഒരു നിമിഷത്തിന്റെ അകലം പോലുമില്ല. ഇറ്റലിയിലെ ബൊളോന്യയിൽ ജനിച്ച പിയർ പൗലോ പസോളിനിയുടെ കുട്ടിക്കാലം കവിതയും ചിത്രകലയും നിറഞ്ഞതായിരുന്നു. അഭിനേതാവായി കഴിഞ്ഞുകൂടിയ കാലത്ത്‌ സുഹൃത്ത്‌ ജ്വീൻ ക്‌സിളിന്‌ അയച്ച ഒരു സ്വകാര്യകത്തിൽ ദൃശ്യങ്ങളെ മെരുക്കിയെടുക്കുന്ന കൈയ്യൊതുക്കത്തെക്കുറിച്ച്‌ പസോളിനി സുദീർഘമായി എഴുതുന്നുണ്ട്‌. പസോളിനി എഴുതുന്നു- 'ഭംഗിയുള്ള ദൃശ്യങ്ങൾ തേടി നടന്ന പ്രതിഭാധനന്മാരിൽ അധികം പേരും അഗാധതയിൽ വീണു പരിക്കുപറ്റിയവരോ അംഗവൈകല്യം സംഭവിച്ചവരോ ആയിരിക്കും. തെരുവിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലേക്കാകും ഞാൻ ക്യാമറവയ്ക്കുക. ആർക്കും മെരുക്കിയെടുക്കാൻ കഴിയാത്തത്ര വേദനയുടെ ജലാശയം ഭൂമിയിലുണ്ടെന്ന് എനിക്ക്‌ ഒറ്റ ഷോട്ടിലൂടെ പറയാൻ കഴിയും.' ജീവിതകാലം മുഴുവൻ ഫാസിസത്തിനെതിരെ പോരാടിയ പസോളിനിയുടെ ദൃശ്യനിർവ്വചനത്തിന്‌ സദൃശ്യമായൊരു അനുഭവം നമുക്ക്‌ ഓർത്തെടുക്കാനാവില്ല. 'തിയറ'ത്തിൽ മരണത്തിന്‌ തൊട്ടുമുൻപ്‌ എങ്ങനെ പെരുമാറണമെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്‌. നെഞ്ചിൽ കൈവെച്ച്‌ ആവുന്നത്ര ഉച്ചത്തിൽ ആകാശത്തെ നോക്കി ശബ്ദിക്കുക. നിങ്ങളുടെ നാവ്‌ പിഴുതെറിയുന്നതിനു മുൻപ്‌, ഹൃദയം പൊട്ടിപിളരും മുൻപ്‌, നിങ്ങൾ ഒരിക്കൽകൂടി ഭൂമിയെ നോക്കി ശബ്ദിക്കുക. നോക്കൂ, മരണം നിങ്ങളെ ആത്മാർത്ഥതയോടെ സ്വീകരിക്കുക തന്നെ ചെയ്യും. പസോളിനിയുടെ മരണം ആഘോഷിക്കാൻ പ്രാപ്തമായ മാനസികാരോഗ്യം നമുക്കിന്ന് കൈവന്നിട്ടില്ല.


ഫ്രെയിമുകളിൽ പകർത്താൻ കഴിയാത്തത്ര ആകാരവും പ്രജ്ഞയുമുള്ള പ്രതിഭയായിരുന്നു പസോളിനി. പസോളിനിയുടെ സിനിമാ നിർവ്വചനങ്ങൾക്കൊപ്പം പായുന്ന സംവിധായകമനസ്സാണ്‌ അലക്സാണ്ടർ സുഖ്‌റോവിന്റേത്‌. 'മോസ്കോ എലിജി' (1988), 'മദർ ആന്റ്‌ സൺ കൺഫഷൻ'(1998), 'ഫാദർ ആന്റ്‌ സൺ'(2003) എന്നീ ശ്രദ്ധേയങ്ങളായ സിനിമകളൊരുക്കുക വഴി അലക്സാണ്ടർ സുഖ്‌റോവ്‌ മുന്നോട്ടുവെക്കുന്ന ആശയതലം പുതിയകാലത്ത്‌ പുതിയ ചർച്ചകളിലേക്കുള്ള ജാലകങ്ങൾ തുറന്നിടുന്നു. 'സിനിമ കുട്ടിക്കളിയല്ല, എന്നാൽ കുട്ടിക്കളിയാണ്‌; മുതിർന്നവർക്കുള്ള കുട്ടിക്കളി' എന്നാണ്‌ സുഖ്‌റോവിന്റെ സിനിമാ നിർവ്വചനം.



Alexander Sukhrov


മുതിർന്നവരുടെ കുട്ടിക്കളി ആദ്യന്തം അപകടം നിറഞ്ഞതായിരിക്കുമെന്ന സൂചന കൂടി സുഖ്‌റോവിന്റെ സിനിമാ നിർവ്വചനത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ സിനിമകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 'സേച്ഛാധിപതികളെ കുറിച്ച്‌ എനിക്ക്‌ സിനിമയെടുക്കാൻ കഴിയില്ല. പക്ഷേ, അവരിൽ നിന്നകന്ന്, അവർക്ക്‌ കാണാവുന്ന ദൂരത്തിൽ നിൽക്കുന്നവരെക്കുറിച്ച്‌ ഞാൻ സിനിമ ചെയ്യും' എന്നു വിളിച്ചു പറഞ്ഞ സുഖ്‌റോവിന്റെ 'മെൻ ഓഫ്‌ പവർ' എന്ന ചലച്ചിത്ര പരമ്പര ചരിത്രവിദ്യാർത്ഥികളും ഭരണാധിപന്മാരും ഒരുമിച്ചിരുന്ന് കണ്ട്‌ അനുഭവിക്കേണ്ടതാണ്‌. ചലച്ചിത്രം ഒരു പാഠപുസ്തകമായി പരിണമിക്കുന്ന കാഴ്ച ആദരവ്‌ നിറഞ്ഞതും അത്ഭുതകരവുമാണ്‌. പരമ്പരയിൽ ഉൾപ്പെട്ട 'മൊളോക്കി'യിൽ ഹിറ്റ്‌ലറും കാമുകിയായ ഇവാ ബ്രൗണും തമ്മിലുള്ള ഊഷ്മളമായ ബന്ധം അടയാളപ്പെടുത്തുമ്പോൾ പോലും സുഖ്‌റോവ്‌ പാലിക്കുന്ന ചില മര്യാദകളുണ്ട്‌. ചരിത്രവും നരവംശശാസ്ത്രവും ഉൾപ്പെടെയുള്ള പാരമ്പാര്യാനുഭവങ്ങളെയെല്ലാം സമന്വയിപ്പിച്ചു കൊണ്ടാണ്‌ ഹിറ്റ്‌ലർ - ഇവാ ബ്രൗൺ ബന്ധം അവതരിപ്പിക്കുന്നത്‌. 'ടോറസി'ൽ ലെനിനെ അവതരിപ്പിക്കുമ്പോൾ ചരിത്രത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌. ചോദ്യങ്ങളേക്കാൾ ദൈർഘ്യമേറിയ ഉത്തരങ്ങൾ കൊണ്ടാകണം കാലത്തിനോട്‌ മറുപടി പറയേണ്ടതെന്ന ശാഠ്യം സുഖ്‌റോവിനുണ്ട്‌. അതാണ്‌ സുഖ്‌റോവിന്റെ സിനിമകളുടെ ചരിത്രനിർവ്വചനം.


O


PHONE : 9995539192



PHOTOS : GOOGLE


1 comment:

  1. പസോളിനി, സുഖ്‌റോവ് - പ്രഗത്ഭരായ രണ്ടു ചലച്ചിത്ര പ്രതിഭകളെയും അവരുടെ ദർശനങ്ങളെയും പരിചയപ്പെടാനായി.....

    ReplyDelete

Leave your comment