Tuesday, May 7, 2013

കോവിൽമലയിൽ നിന്നൊരു ശംഖൊലി

അഭിമുഖം
സ്വന്തം ലേഖകൻ


       രമ്പരാഗത വേഷമണിഞ്ഞ്‌ ശാന്തഭാവത്തിൽ നിലകൊണ്ട 'രാമൻ രാജമന്നാൻ' എന്ന കോവിൽമലയുടെ പുതിയ രാജാവ്‌ മനസ്‌ തുറക്കുമ്പോൾ തട്ടേക്കാട്‌ ഗസ്റ്റ്‌ ഹൗസിനപ്പുറം നിബിഡമായ വനമേഖലയിൽ നിന്നും നിരവധി പേരറിയാപക്ഷികളുടെ സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു. ജയ്ജി പീറ്റർ ഫൗണ്ടേഷന്റെ 2012 ലെ പരിസ്ഥിതി പുരസ്കാരം പ്രമുഖ പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനുമായ ഡോ.ആർ.സുഗതന്‌ സമർപ്പിക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം. ഗോത്രഭൂമി പത്രാധിപർ രാജേന്ദ്രപ്രസാദ്‌, മുതിർന്ന പത്രപ്രവർത്തകനായ വൈക്കം മധു എന്നിവരോടൊപ്പമാണ്‌ അദ്ദേഹത്തെ സന്ദർശിച്ചത്‌.ആധുനികതയുടെ മുഖപ്രസാദവുമായി, 108 കുടുംബങ്ങളടങ്ങിയ കോവിൽമല ദേശത്തെ 28 വയസ്സുകാരനായ രാജാവ്‌, മന്നാൻ ഗോത്രത്തിൽപ്പെട്ട ആദിവാസിസമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെ ഇല്ലാതാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളിലാണ്‌. ഫേസ്ബുക്ക്‌ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകളിൽ സജീവമായ കോവിൽമല രാജാവിന്‌ സ്വന്തമായി വെബ്‌സൈറ്റുമുണ്ട്‌. ഭാരതത്തിലെ ആദിവാസി ഗോത്രസമൂഹങ്ങളെടുത്താൽ, ത്രിപുരയിലും കോവിൽമലയിലും മാത്രമാണ്‌ രാജാവിനാൽ ഭരിക്കപ്പെടുന്ന സെറ്റിൽമെന്റുകൾ ഉള്ളത്‌.

വിചിത്രവും സവിശേഷതകൾ നിറഞ്ഞതുമായ ആചാര-അനുഷ്ഠാനങ്ങളാൽ വേറിട്ടു നിൽക്കുന്ന സമുദായമാണ്‌ മന്നാൻ ഗോത്രം. ഇടുക്കി ജില്ലയിലെ തേക്കടി, കട്ടപ്പന, നെടുംകണ്ടം തുടങ്ങിയ മേഖലകളിൽ ഇവർ അധിവസിക്കുന്നു. 86ൽ പരം അപൂർവ്വങ്ങളായ പച്ചമരുന്നുകളെക്കുറിച്ചും അവയുടെ ഉപയോഗക്രമത്തെക്കുറിച്ചും അപാരജ്ഞാനം പുലർത്തുന്നവരാണ്‌ ഈ ജനത. തമിഴും മലയാളവും സംസാരിക്കുന്ന ഇവർ കൂലിപ്പണിയിലൂടെയാണ്‌ ഉപജീവനമാർഗ്ഗം തേടുന്നത്‌. വനവിഭവങ്ങളുടെ വിൽപ്പനയാണ്‌ മറ്റൊരു വരുമാനമാർഗം. ആരോഗ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ തന്നെ തുടരുന്ന ഇവരുടെ ജീവിതസാഹചര്യങ്ങൾ അനുദിനം കടുത്തതായിക്കൊണ്ടിരിക്കുന്നു. തെല്ലൊരു ശങ്കയോടെയാണ്‌ പത്തു ചോദ്യങ്ങളെ സമീപിച്ചതെങ്കിലും, കോവിൽമല രാജാവ്‌ മനസ്‌ തുറന്നു.
കോവിൽമലയിലെ ആദിവാസികളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ എങ്ങനെയാണ്‌ ? ഭൂമി അന്യാധീനപ്പെടുന്ന സാഹചര്യമുണ്ടോ?

തുച്ഛമായ ഭൂമി എല്ലാവർക്കുമുണ്ടെങ്കിലും അവിടെ കൃഷി ചെയ്തു ജീവിക്കാൻ മതിയായ സാഹചര്യമില്ല. 108 കുടുംബങ്ങളടങ്ങിയ സെറ്റിൽമെന്റാണ്‌ കോവിൽമലയിൽ ഉള്ളത്‌. 120 കുടുംബങ്ങളടങ്ങിയ മറ്റൊരു സെറ്റിൽമെന്റ്‌ കൂടിയുണ്ട്‌. കൂലിപ്പണിയാണ്‌ പ്രധാന ഉപജീവനമാർഗം. വ്യാപകമായി ഭൂമി അന്യാധീനപ്പെടുന്നുണ്ട്‌. സർക്കാരിനും ഇതറിയാവുന്നതാണ്‌.

കോവിൽമലയിൽ പ്രാഥമികതലത്തിലുള്ള ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ?

ഉണ്ട്‌. അംഗൻവാടിയും പ്രാഥമിക ആരോഗ്യകേന്ദ്രവുമുണ്ട്‌. എത്തിച്ചേരാവുന്ന ദൂരത്തിൽ ഒരു ആയുർവ്വേദ ആശുപത്രിയുമുണ്ട്‌. എൽ.പി..സ്കൂൾ കൂടാതെ 5 കിലോമീറ്ററിനപ്പുറം ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്‌.

കോവിൽമലയിലെ പുതുതലമുറയുടെ വിദ്യാഭ്യാസനിലവാരം എങ്ങനെ?

ഇപ്പോഴത്തെ കുട്ടികൾ വിദ്യാഭ്യാസനിലവാരത്തിൽ വളരെയേറെ മുന്നോട്ടു വരുന്നുണ്ട്‌. ഡിഗ്രി, നഴ്സിംഗ്‌ വിദ്യാർത്ഥികൾ ഇപ്പോൾ കൂടുതലായുണ്ട്‌. പഠിക്കണമെന്നും നല്ല ജോലി നേടണമെന്നും ആഗ്രഹമുള്ള ഒരു പുതുതലമുറയാണ്‌ കോവിൽമലയിൽ ഇപ്പോഴുള്ളത്‌.


കോവിൽമലയിൽ പട്ടിണിമരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോ? അട്ടപ്പാടിയിൽ മുപ്പതിലേറെ പട്ടിണിമരണങ്ങൾ സംഭവിച്ചിട്ടുള്ളത്‌ അറിയാമല്ലോ. ആദിവാസി മേഖലകളിൽ എന്തുകൊണ്ട്‌ ഇത്രയധികം പട്ടിണിമരണങ്ങൾ?

കോവിൽമലയിൽ ഇതുവരെ ഇല്ല. തൊഴിലില്ലായ്മയാണ്‌ പട്ടിണിമരണങ്ങളുടെ പ്രധാനകാരണം. ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും, പോഷകാഹാരങ്ങളുടെ ദൗർലഭ്യവും വരുമാനക്കുറവും ഒക്കെ ഇതിനു കാരണമാകുന്നു. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നുമില്ല.


ഒരു ആദിവാസി ഗോത്രത്തിന്റെ രാജാവ്‌ എന്ന നിലയിൽ അട്ടപ്പാടിയിലെ ജനങ്ങൾക്ക്‌ പിന്തുണ നൽകാനും അവർക്ക്‌ ധൈര്യം പകരാനുമായി അവിടം സന്ദർശിക്കാൻ താങ്കൾ തയ്യാറാവുമോ?

തീർച്ചയായും. മുൻപുണ്ടായിരുന്ന രാജാക്കന്മാർ അങ്ങനെയുള്ള ഇടപെടലുകൾ ഒന്നും നടത്തിയിട്ടില്ല. എന്നാലും മുഴുവൻ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഈ മാസം തന്നെ അട്ടപ്പാടി സന്ദർശിച്ച്‌ അവിടുത്തെ ജനങ്ങളെ കാണുമെന്ന് ഉറപ്പു തരുന്നു.

ആദിവാസികളുടെ പ്രതിനിധിയായി ഇപ്പോൾ ഒരു മന്ത്രിയുണ്ടല്ലോ. ഈ വിഭാഗത്തിന്റെ ക്ഷേമത്തിനായി അവിടെ നിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടോ?

എല്ലാം രാഷ്ട്രീയത്തിൽ അധിഷ്ഠിതമല്ലേ. പരിമിതികൾ ഉണ്ടാകും. രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചുകൊണ്ട്‌ ഈ സമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അവിടെ നിന്നും ഉണ്ടായിവരും എന്നു പ്രതീക്ഷിക്കുന്നു.

കോവിൽമലയിൽ വനാവകാശനിയമവും ആദിവാസിനിയമവും ശരിയായ വിധത്തിൽ നടപ്പിലാവുന്നുണ്ടോ?

കോവിൽമലയിൽ വനാവകാശനിയമം മോശപ്പെട്ട നിലയിലാണ്‌. ക്ലെയിമുകൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. മാറിമാറി വരുന്ന സർക്കാരുകൾ ഏറ്റെടുത്ത്‌ പരിഹരിക്കേണ്ട കാര്യങ്ങളാണ്‌ അതൊക്കെ. ആദിവാസിനിയമം തിരുത്തേണ്ട സമയം എപ്പോഴേ കഴിഞ്ഞു. സർക്കാർ ആദിവാസികളുടെ ക്ഷേമത്തിനായി പ്രത്യേകം ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇവിടെയും പട്ടിണിമരണങ്ങൾ സംഭവിക്കാം.

ഏകാധ്യാപകവിദ്യാലയങ്ങളുടെ നിലവിലുള്ള സ്ഥിതി എന്താണ്‌?

ഏകാധ്യാപക വിദ്യാലയങ്ങൾ അപ്ഗ്രേഡ്‌ ചെയ്യണമെന്ന തീരുമാനം ഉണ്ടായെങ്കിലും ബഡ്ജറ്റിൽ അതിലേക്കായി ഒന്നും നീക്കിവെച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല.

സ്വന്തം കുടുംബം, വിദ്യാഭ്യാസം, രാജപദവി എന്നിവയെക്കുറിച്ച്‌....?

ഭാര്യ ബിനിമോൾ, രണ്ടര വയസ്സുള്ള മകളുണ്ട്‌- അർച്ചന. മാതാപിതാക്കൾ കുമളിയിലാണുള്ളത്‌. കുമളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ്‌ പ്ലസ്ടൂ വരെ പഠിച്ചത്‌. 2008ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്നും എക്കണോമിക്സിൽ ബിരുദം നേടി. ശേഷം തേക്കടി പെരിയാർ ഫൗണ്ടേഷനിൽ ജോലിയിൽ പ്രവേശിച്ചു. അമ്മാവനായ കോവിൽമല രാജാവ്‌ തേവൻ രാജമന്നാനു ശേഷം മരുമക്കത്തായ സമ്പ്രദായപ്രകാരം രാജപദവി ഏറ്റെടുത്ത അരിയാൻ രാജമന്നാൻ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ട സാഹചര്യത്തിലാണ്‌  അധികാരത്തിൽ എത്തുന്നത്‌.

കോവിൽമല രാജാവ്‌ എന്ന നിലയിൽ മുഴുവൻ ആദിവാസി സമൂഹത്തെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ എന്താണ്‌ നിർദ്ദേശിക്കുന്നത്‌?

രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചുകൊണ്ട്‌ സംഘടനാബോധത്തോടെ പെരുമാറണം. യഥാസമയം പ്രതികരിക്കാതിരിക്കുന്നതുകൊണ്ടാണ്‌ ആവശ്യങ്ങൾ നടപ്പിലാവാതെ പോകുന്നത്‌. ഒരു കോമൺ ആദിവാസി പ്ലാറ്റ്ഫോം  ഭാവിയിൽ ഉണ്ടാക്കിയെടുക്കുന്നതിനായി ശ്രമിക്കും.

O


നന്ദി : രാജേന്ദ്രപ്രസാദ്‌, വൈക്കം മധു


3 comments:

 1. അധികാര വർഗ്ഗങ്ങളുടെ കണ്ണു തുറപ്പിക്കാൻ ഇയൊരു ഇന്റെവ്യു നിമിത്തമാകട്ടെ!
  well done!

  ReplyDelete
 2. വേറൊരിടത്തു ഇദ്ദേഹത്തെ കുറിച്ച് വായിച്ചിരുന്നു ..നല്ല പരിചയപ്പെടുത്തല്‍ ..നാട് ഭരിക്കുന്ന മൂപന്മാര്‍ നന്നായിരുന്നെങ്കില്‍ ..

  ReplyDelete
 3. ആശംസകൾ
  വായിച്ചിരുന്നു ഇദ്ധേഹത്തെ കുറിച്ച്........

  ReplyDelete

Leave your comment