കവിത
സുബ്രഹ്മണ്യൻ കുറ്റിക്കോൽ
കണ്ടം തീണ്ടുന്ന മുത്തച്ഛൻ
കാവുതീണ്ടുന്ന
വെളിച്ചപ്പാടിനെപ്പോലെ
ചേറാടിത്തുള്ളിയുറഞ്ഞ്
ചെറുമികൾക്കു ഞാറെറിയുന്നു.
മരംകെട്ടി പോത്തോട്ടി
താഴേക്കണ്ടം പുഞ്ചകലക്കുന്നു.
ചെളി തെറിച്ചെന്റമ്മോ
കവുങ്ങേലൊന്നും
അടയ്ക്ക കാണാനില്ല.
കുളം തീണ്ടുന്ന മുത്തച്ഛൻ
കരിമ്പിൻകാടേറിയ
കരിവീരനെപ്പോലെ
കുളംകലക്കി കുളിച്ചുകയറുന്നു.
കൈപ്പിടിയിൽ
കൈത്തണ്ടവണ്ണത്തിൽ
വരാലുപിടയുന്നു.
തിരിച്ചുവഴിയിൽ
തെറിപ്പാട്ടിലുലയുന്ന
മുത്തച്ഛന്റെ മുതുകിലിരുന്ന്
പദമുരുക്കഴിച്ചു
പദാവലിനിറയ്ക്കുന്നു,
പുതുകാലത്തൊരു
കവിയാകേണ്ടവൻ.
O
No comments:
Post a Comment
Leave your comment