Saturday, May 11, 2013

സംസ്കാരജാലകം

സംസ്കാരജാലകം - 16
ഡോ.ആർ.ഭദ്രൻ

വായന ഇല്ലാതെ പോകുന്ന നേതാക്കൾ


ശ്വേതാമേനോന്റെ ലൈവ്‌ പ്രസവം കാടത്തമാണെന്ന് ജി.കാർത്തികേയൻ, ജി.സുധാകരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ. പുരുഷന്മാർ ജോലി ചെയ്തു ധനം സമ്പാദിക്കുന്നുണ്ടെന്നും സ്ത്രീകൾ വീട്ടിൽ ഇരുന്നാൽ മതിയെന്നും മോഹൻ ഭഗത്തും തട്ടിവിട്ടു. നമ്മുടെ ഈ നേതാക്കൾക്ക്‌ ഒന്നും പുതിയ വായനയില്ല. ഇവർ ചിന്താലോകത്ത്‌ Outdated ആകുമെന്നത് സ്വാഭാവികം. ചിന്താലോകം മാറിക്കൊണ്ടിരിക്കുന്നത്‌ ഇവർ അറിയുന്നില്ല.


ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പ്‌

ദേശാഭിമാനി പത്രത്തിന്റെ 2013 ജനുവരി 20 ഞായർ വാരാന്തപ്പതിപ്പ്‌ എത്ര ഗംഭീരമായിരുന്നു. വിഭവങ്ങൾ കേട്ടുകൊൾക.

1. നവോത്ഥാന ധർമ്മങ്ങളുടെ ജനകീയ ഗുരു - ആലങ്കോട്‌ ലീലാകൃഷ്ണൻ

2. ആത്മഹത്യ എന്ന സമരം - ബ്ലാക്ക്‌ & വൈറ്റ്‌, സൂക്ഷ്മൻ - ആത്മഹത്യ ചെയ്ത ഇന്റർനെറ്റ്‌ പ്രതിഭ ആരോൺ സ്വാർട്ട്സിനെക്കുറിച്ചുള്ള ലേഖനം.

3. ഒറ്റയാൾ പലതായി പകർന്നാട്ടം - ഏകപാത്ര നാടകത്തിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരം ആപ്റ്റിന്റെ (A Place for Theatre) ശൈലജ.പി.അബുവിനെക്കുറിച്ചുള്ള ലേഖനം.

4. ലോകം ഒരു ഫെമിനിസ്റ്റിന്റെ കണ്ണിലൂടെ - 'ബുക്‌ പിക്‌' എന്ന പംക്തിയിൽ ഡോ.മീന.ടി.പിള്ള എഴുതിയ കുറിപ്പാണിത്‌. ബുക്ക്‌ റിവ്യൂ വിന്‌ അപ്പുറം സഞ്ചരിക്കുന്ന ലേഖനമാണത്‌. പ്രൊ.നിവേദിതാ മേനോൻ എഴുതിയ പുസ്തകത്തിന്റെ ഈ നിരൂപണം ഫെമിനിസത്തെക്കുറിച്ച്‌ നമുക്ക്‌ ഒരുപാട്‌ അവബോധങ്ങൾ തരുന്നു.

5. ഒറ്റയ്ക്ക്‌ ജീവിതം കൊത്തിയെടുത്ത പെണ്ണ്‌ / പ്രിയ.എ.എസ്‌ 'സ്വരഭേദങ്ങൾ' എന്ന ഭാഗ്യലക്ഷ്മിയുടെ പുസ്തകത്തിന്‌ എഴുതിയ റിവ്യുവാണിത്‌. ഡബ്ബിംഗ്‌ ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയെ മലയാളിക്ക്‌ മറക്കാൻ കഴിയില്ലല്ലോ. മനോഹരമായ കഥാഭാഷകൊണ്ട്‌ എഴുതിയ നിരൂപണം എന്ന് അതിനെ വിശേഷിപ്പിക്കാം.

6. പർവ്വതാഗ്രത്തിലെ ഏകാന്തഗോപുരങ്ങൾ - കെ.പി.അപ്പന്റെ ഫിക്ഷന്റെ അവതാരലീലകൾ എന്ന ഗ്രന്ഥത്തെക്കുറിച്ച്‌ ചാത്തന്നൂർ മോഹൻ എഴുതിയ നിരൂപണമാണ്‌.

7. പ്രഭാവർമ്മ എഴുതിയ 'ഓമനത്തിങ്കൾ കിടാവോ' ഗംഭീരമായ സമകാലികപ്രസക്തിയുള്ള ലേഖനമായിരുന്നു. ഒരു ഓസ്കാർ വിവാദം വേണ്ടി വന്നു, അന്യഥാ മഹാനായ ഇരയിമ്മൻ തമ്പിയെ ഓർമ്മിച്ചെടുക്കാൻ എന്ന വിമർശനമാണ്‌ കവിയായ പ്രഭാവർമ്മ ഉയർത്തിയിരിക്കുന്നത്‌.

8. സിനിമയിൽ വംശനാശം നേരിടുന്ന നിഷ്ക്കളങ്കനർമ്മത്തിന്റെ വീണ്ടെടുപ്പായിരുന്നു കൃഷ്ണ പൂജപ്പുരയുടേത്‌. ഇതാണ്‌ 'ചിരിയുടെ കൃഷ്ണപക്ഷം' എന്ന ഗിരീഷ്‌ ബാലകൃഷ്ണന്റെ ലേഖനത്തിന്റെ വിഷയം. 

പത്രങ്ങളുടെ വാരാന്തപ്പതിപ്പ്‌ ഇങ്ങനെയായിരിക്കണമെന്ന് മനസ്സ്‌ പറഞ്ഞ നിമിഷങ്ങളായിരുന്നു ഇത്‌.


ബദരിസിംഗിനെയും ജ്യോതിസിംഗിനെയും ഓർത്ത്‌ അഭിമാനിക്കാം


ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജ്യോതിസിംഗിനെയും അവളുടെ അച്ഛൻ ബദരിസിംഗിനെയും ഓർത്ത്‌ നമുക്ക്‌ അഭിമാനിക്കാം. ധീരയായ മകളെ ഓർത്ത്‌ അച്ഛൻ അഭിമാനിക്കുന്നുണ്ട്‌. ബദരിസിംഗ്‌ ഡൽഹി വിമാനത്താവളത്തിൽ ചുമട്ടുതൊഴിലാളിയാണെന്ന് ഓർക്കുക. ബ്രിട്ടീഷ്‌ പത്രമായ സൺഡേ പീപ്പിളിന്‌ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെയാണ്‌ പറഞ്ഞത്‌. "എന്റെ മകളുടെ പേര്‌ ജ്യോതിസിംഗ്‌ പാണ്ഡേ. ലോകം അവളെ അറിയട്ടെ. ഇത്തരം പീഢനങ്ങൾ അനുഭവിക്കേണ്ടി വന്ന സ്ത്രീകൾക്കാകെ അവൾ കരുത്താകട്ടെ".


ഡയസ്നോൺ പ്രാകൃതം


വധശിക്ഷ പോലെ പ്രാകൃതമാണ്‌ ഡയസ്നോണും. രണ്ടും പുതിയകാലം ഉപേക്ഷിക്കണം. സി.അച്യുതമേനോൻ ആണ്‌ കൂടുതൽ ചർച്ചകളൊന്നും ഇല്ലാതെ ഡയസ്നോൺ കേരളത്തിൽ നടപ്പാക്കിയത്‌. അത്‌ ഒരു കമ്യൂണിസ്റ്റുകാരന്‌ ചേർന്ന നടപടിയായിരുന്നില്ല. തൊഴിലാളികളും ജീവനക്കാരും ഏറ്റവും അവസാനത്തെ ആയുധമായി മാത്രമേ പണിമുടക്കാവൂ. കൂടുതൽ പണി ചെയ്ത്‌ പ്രതിഷേധിക്കുന്ന ജപ്പാൻ മാതൃകയും പിന്തുടരാവുന്നതാണ്‌. കരിനിയമങ്ങൾക്കും നീതികേടുകൾക്കും അവകാശനിഷേധത്തിനെതിരെയും പണിമുടക്കുന്ന തൊഴിലാളിയുടെ ശമ്പളം തട്ടിയെടുക്കുന്ന നടപടി പ്രാകൃതമാണ്‌. ഇതേക്കുറിച്ച്‌ നമ്മുടെ നാട്‌ സംവാദം നടത്തേണ്ടതാണ്‌.


രണ്ടാമൂഴം വിമർശിക്കപ്പെടുന്നു'സാഹിത്യവിമർശം' ദ്വൈമാസികയുടെ ജൂലൈ- ആഗസ്റ്റ്‌ ലക്കത്തിലും കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിലുമായി പ്രസിദ്ധീകരിക്കപ്പെട്ട  'യുഗാവസാനത്തിന്റെ രണ്ടാമൂഴം' എന്ന ആർ.എസ്‌.കുറുപ്പിന്റെ ലേഖനം എം.ടി.വാസുദേവൻ നായരുടെ 'രണ്ടാമൂഴം' എന്ന നോവലിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ലേഖനമാണ്‌. രചനാപരമായ പല പിഴവുകളും, ഇരാവതി കാർവെയുടെ 'യുഗാന്ത'യ്ക്ക്‌ രണ്ടാമൂഴത്തോടുള്ള വലിയ കടപ്പാടുമാണ്‌ പണ്ഡിതോചിതമായി ആർ.എസ്‌.കുറുപ്പ്‌ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്‌. 'രണ്ടാമൂഴ'ത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്ന് കുറുപ്പ്‌ നല്ലതുപോലെ സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. ഇത്‌ മലയാളവിമർശനം ശ്രദ്ധിക്കേണ്ടതാണ്‌. സെലിബ്രിറ്റികൾക്കെതിരായുള്ള കാതലായ വിമർശനം മാധ്യമങ്ങൾ തമസ്ക്കരിക്കുന്നത്‌ എന്തായാലും ഒരു ചീത്ത പ്രവണത തന്നെയാണ്‌.


പുസ്തകങ്ങൾ വായിക്കാതിരിക്കുന്നത്‌ കുറ്റകൃത്യമാണ്‌ 

 ജോസഫ്‌ ബ്രോഡ്സ്കി, റഷ്യൻ കവി


പുസ്തകങ്ങൾ കത്തിക്കുന്നതിനേക്കാൾ വലിയ കുറ്റകൃത്യങ്ങളുണ്ട്‌. അതിലൊന്ന് പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നതാണ്‌. ഇദ്ദേഹത്തിന്റെ ഈ ഊന്നൽ കലാകൗമുദിയിൽ അക്ഷരജാലകത്തിൽ (ഫെബ്രുവരി 3, 2013) എം.കെ.ഹരികുമാർ എടുത്തു ചേർക്കുകയുണ്ടായി. മനുഷ്യനായി ജീവിക്കുന്നതിന്റെ പ്രാഥമികയോഗ്യതയായി വായനാലോകത്തെ ഗവൺമെന്റ്‌ പ്രഖ്യാപിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. കുറ്റകൃത്യങ്ങൾ കൊണ്ടാണ്‌ നമ്മുടെ ലോകം നിറഞ്ഞിരിക്കുന്നത്‌ . ബ്രോഡ്സ്കിയുടെ ഈ വാക്യം ഒരു വലിയ വെള്ളിവെളിച്ചമാണ്‌.


കൊടിയിറങ്ങാതെ 1958

തോമസ്‌ ജേക്കബ്‌, മലയാള മനോരമ ആഴ്ചപ്പതിപ്പ്‌


 
 


2013 ഫെബ്രുവരി 2 ലെ മലയാള മനോരമ ആഴ്ചപ്പതിപ്പിലെ തോമസ്‌ ജേക്കബ്‌ എഴുതിയ 'കൊടിയിറങ്ങാതെ 1958' രസകരമായി നമുക്ക്‌ വായിച്ചുപോകാൻ കഴിയും. സ്കൂൾ യുവജനോത്സവത്തിന്റെ ആദ്യകാല ചരിത്രം തോമസ്‌ ജേക്കബ്‌ ഉത്തരവാദിത്തബോധത്തോടെ, ചരിത്രം എടുത്തുപുറത്തിടുന്ന വീറോടെ അവതരിപ്പിച്ചിട്ടുണ്ട്‌. ചരിത്രശൂന്യരായ ഒരു ജനതയിലേക്ക്‌ ചരിത്രസ്മരണ ഉണർത്താൻ ശ്രമിച്ച തോമസ്‌ ജേക്കബ്‌ ഏറെ അഭിനന്ദനം അർഹിക്കുന്നു. ഈ കുറിപ്പിന്റെ തുടക്കം കെ.ജി.ശങ്കരപ്പിള്ളയുടെ ഒരു വരി ഉപയോഗിച്ച്‌ ക്യാച്ചിങ്ങാക്കാൻ ലേഖകന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ വരി വായിച്ചുകൊള്ളുക - "ആളുകൾ കണ്ടുകണ്ടാണ്‌ കടലിത്ര വലുതായതെന്ന് കെ.ജി.ശങ്കരപ്പിള്ള എഴുതിയതുപോലെ പത്രങ്ങൾ എഴുതിയെഴുതിയാകണം യുവജനോത്സവം ഇങ്ങനെ പൊലിച്ചത്‌". വായനാക്ഷമമായ ഈ കുറിപ്പ്‌ ഭാവിയിലേക്കുള്ള നല്ലൊരു സൂക്ഷിപ്പാണ്‌.സെല്ലുലോയ്ഡ്‌
കമൽ, സെല്ലൊലോയ്ഡിലൂടെ മികച്ച ഒരു ചലച്ചിത്രമാണ്‌ മലയാളിക്ക്‌ നൽകിയത്‌. മലയാള ചലച്ചിത്രലോകത്തെ ഒരു ദുരന്തനായകനാണ്‌ ജെ.സി.ഡാനിയേൽ. മലയാളത്തിൽ ആദ്യം സിനിമ എടുത്ത ധീരനായ കലാകാരൻ. ജെ.സി.ഡാനിയേലിനെ കേന്ദ്രീകരിച്ച്‌ ഒരു സിനിമ എടുക്കുക മലയാള ചലച്ചിത്രലോകത്തിന്റെ തീർത്താലും തീരാത്ത കടമയാണ്‌. അതാണ്‌ ഈ സിനിമയുടെ ധാർമ്മികവശം. ആഴത്തിലുള്ള ഗവേഷണം ചെയ്തില്ല എന്നൊരു പരിമിതിയുണ്ടെങ്കിലും, നല്ല സ്ക്രിപ്റ്റോടുകൂടി നല്ലൊരു സിനിമയുണ്ടായി.  ചരിത്രാനുഭൂതികളും ദുരന്തജീവിതാനുഭൂതികളും ഉണർത്തുന്ന ഈ സിനിമ കേരളം ഒന്നായി പോയി കാണേണ്ടതായിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളെ മുഴുവൻ ഈ സിനിമ കാണിക്കേണ്ടതായിരുന്നു. കേരളം ഈ ചലച്ചിത്രത്തെ വിജയിപ്പിക്കേണ്ടതായിരുന്നു. മലയാളത്തിന്റെ പേരിൽ മലയാളി ഒന്നിക്കുന്നില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത്‌. സിനിമയിൽ പൃഥിരാജ്‌ ശരീരമിളക്കി അഭിനയിച്ചു. നന്നായി വളരെ നന്നായി.


പണം ആളെക്കൊല്ലിയാണ്‌


പച്ചമലയാള പ്രസ്ഥാനത്തിൽ പാക്കനാർ എന്നൊരു കൃതിയുണ്ട്‌. ഈ കൃതിയിൽ പണം ആളെക്കൊല്ലിയാണ്‌ എന്ന ആശയം പച്ചമലയാളത്തിൽ തന്നെ ആഖ്യാനം ചെയ്തിട്ടുണ്ട്‌. ഗാന്ധിഭവൻ പ്രസിദ്ധീകരിക്കുന്ന 'സ്നേഹരാജ്യം മാസിക'യിൽ സിപ്പി പള്ളിപ്പുറം ഈ കഥ കുട്ടികൾക്കുവേണ്ടി ബാലരാജ്യം എന്ന പംക്തിയിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ട്‌. ആർത്തി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയകാലത്തിൽ സിപ്പി പള്ളിപ്പുറം മഹത്തായ ഒരു സേവനമാണ്‌ ഇതിലൂടെ നിർവ്വഹിക്കുന്നത്‌. കുട്ടികളെ ധനാർത്തിയിൽ നിന്നും ജ്ഞാനാർത്തിയിലേക്ക്‌ വഴി തിരിച്ചുവിടണം.


ഋതുസ്പർശം
അനില.ജി.നായർ ആദ്യത്തെ കവിതാസമാഹാരവുമായി മലയാള കാവ്യലോകത്തിലേക്ക്‌ കാലെടുത്തു വെച്ചിരിക്കുന്നു. ഉണ്മയാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌. ആരോ മറന്നിട്ട വാക്കുകൾ എന്ന പേരിൽ ടോണി മാത്യൂ എഴുതിയ അവതാരികയും പുസ്തകത്തെ അനുഗ്രഹിച്ചിട്ടുണ്ട്‌. കവിതാമയമായ ഒരു ഭാഷാലോകം ഇതിലാകമാനം ഉണ്ട്‌ എന്നതാണ്‌ ആരെയും ആകർഷിക്കുന്ന ഘടകം. ഭാവിയിലെ ഒരു വലിയ കവയിത്രിയുടെ ഒളിച്ചുപാർപ്പ്‌ സഹൃദയർ ഈ കവിതകളിൽ കാണാതെ പോകരുത്‌.

വാക്കുകൾക്കർത്ഥങ്ങളാരു നൽകും
വാക്കിനുമപ്പുറം ജന്മമുണ്ടോ?

എന്ന് 'വാക്ക്‌' എന്ന കവിതയിൽ അനില ചോദിക്കുന്നു. ഇത്‌ ഒരു വലിയ കാവ്യസാധ്യതയാണ്‌.


ജ്ഞാനിയായ കവി കവിയായ ജ്ഞാനിഡി.വിനയചന്ദ്രനും യാത്രയായി. യാത്രപ്പാട്ടും വിനയചന്ദ്രികയും നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതയും വീട്ടിലേക്കുള്ള വഴിയും സൗമ്യകാശിയും ഒക്കെ എഴുതി മലയാളകവിതയെ ലോകനിലവാരത്തിലെത്തിച്ച, നാം മനസ്സിലാക്കാതെ, ഉചിതമായ പീഠങ്ങളൊന്നും നൽകാതെ പറഞ്ഞുവിട്ട പ്രിയകവിയ്ക്ക്‌ ആദരാഞ്ജലി നേരുന്നു. ഒരുപാടു പ്രാവശ്യം കവിയ്ക്ക്‌ ആതിഥ്യമരുളാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായാണ്‌ എപ്പോഴും കരുതുന്നത്‌. പലരും അദ്ദേഹത്തോടു കാണിച്ചിട്ടുള്ള അനുചിത പെരുമാറ്റങ്ങളെക്കുറിച്ച്‌ കവി അപൂർവ്വമായിട്ടാണെങ്കിലും മനസ്സ്‌ തുറന്നിട്ടുണ്ട്‌. ചില ദുരനുഭവങ്ങളാണ്‌ അദ്ദേഹത്തെ ഏറെ പീഡിതനാക്കിയത്‌. അനവധി പ്രാവശ്യം കവിതകൾ പൂഴ്ത്തിവെച്ച്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കമൽറാം, കവിയോട്‌ ചെയ്ത ക്രൂരപ്രവൃത്തിയും അതിലുണ്ട്‌. മലയാളം കണ്ട അനശ്വര പ്രതിഭാശാലിയുടെ കവിതയാണ്‌ പൂഴ്ത്തുന്നത്‌ എന്ന വിവേകമെങ്കിലും കമൽറാമിന്‌ ഉണ്ടാകാമായിരുന്നു.


ഭക്ഷണപ്രധാനമായിത്തീരുന്ന മലയാള സിനിമ


പല മലയാള സിനിമകളും ഭക്ഷണപ്രധാനമായിത്തീരുകയാണ്‌. സ്പാനിഷ്‌ മസാല, സാൾട്ട്‌ & പെപ്പർ, ഉസ്താദ്‌ ഹോട്ടൽ, കമ്മത്ത്‌ & കമ്മത്ത്‌ തുടങ്ങിയ ചില ഉദാഹരണങ്ങൾ. മലയാളനോവലിൽ ഭക്ഷണത്തിന്റെ സമൃദ്ധിയും സൗരഭ്യവും നേരത്തെ തന്നെ പുനത്തിൽ കുഞ്ഞബ്ദുള്ള കൊണ്ടുവന്നിട്ടുണ്ടായിരുന്നു. മരുന്ന്, സ്മാരകശിലകൾ തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകളിലെ ഭക്ഷണത്തിന്റെ മണം ഇപ്പോഴും ഘാണേന്ദ്രിയത്തിൽ നിന്നും വിട്ടുപോകുന്നില്ല. ഈ സിനിമകൾ കണ്ടുകൊണ്ടിരുന്നപ്പോൾ പുനത്തിലിനെ ഓർത്ത്‌ ആഹ്ലാദിച്ചു.


പി.ഗോവിന്ദപിള്ളയെ ഓർക്കുമ്പോൾ...


ബി.എ ക്ക്‌ ശാസ്താംകോട്ട ഡി.ബി.കോളേജിൽ പഠിക്കുമ്പോഴാണ്‌ പി.ഗോവിന്ദപിള്ളയുടെ ഒരു ക്ലാസ്‌ കിട്ടുന്നത്‌. മാർക്സിനെക്കുറിച്ചുള്ള ക്ലാസ്സായിരുന്നു. മാർക്സിന്റെ സ്വകാര്യജീവിതത്തെയും പ്രണയജീവിതത്തെയും പി.ജി.ക്ലാസിൽ നന്നായി വിശദീകരിച്ചു. പിന്നീട്‌ മാർക്സിസത്തെ കേവലമായി ഒന്നു പരിചയപ്പെടുത്തി. പുരോഗമനകലാസാഹിത്യ സംഘം സംഘടിപ്പിച്ച ആ ക്ലാസ്‌ ഇന്നലെത്തേതു പോലെ ഓർക്കുന്നു. പിന്നീട്‌ പി.ജി.എഴുതിയതും പി.ജി. യെക്കുറിച്ചെഴുതിയതും ധാരാളം വായിച്ചു. മലയാളത്തിലെ വായനയുടെ  ഈ തമ്പുരാൻ അദ്ദേഹത്തിന്റെ എഴുത്തുജീവിതം കൊണ്ടു തന്നെ കേരളത്തിലെ ഭാവിതലമുറയെ ജാഗ്രത്താക്കുക തന്നെ ചെയ്യും. പി.ജി.യെ ആദരവോടെ സ്മരിച്ചുകൊണ്ട്‌...


ശ്രദ്ധേയമായ ചിന്ത


"ശരീരത്തെക്കുറിച്ച്‌ വല്ലാതെ ചിന്തിക്കാതിരിക്കുക എന്നതും ഫെമിനിസമാണ്‌. സമൂഹം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌, സ്ത്രീശരീരം ഇങ്ങനെയൊക്കെയാവണമെന്ന്. അങ്ങനെയാവാൻ വേണ്ടി നാം നമ്മെത്തന്നെ ചിത്രവധം ചെയ്യും... നമ്മുടെ ശരീരം എങ്ങനെയാണോ അങ്ങനെ തന്നെ അതിനെ നാം ആസ്വദിക്കാൻ നാം പഠിക്കണം".-അനിതാ നായർ, മാധ്യമം ആഴ്ച്ചപ്പതിപ്പ്‌ / പുതുവർഷപ്പതിപ്പ്‌  2013.


O

 
PHONE : 989573421


1 comment:

  1. വളരെ നന്നായിട്ടുണ്ട് ഉപയോഗപ്രദവും

    ReplyDelete

Leave your comment