Sunday, May 13, 2012

സംസ്കാരജാലകം

സംസ്കാരജാലകം-13
ഡോ.ആർ.ഭദ്രൻ
                                    
                                                                 













അക്ഷരജാലകം/കലാകൗമുദി/എം.കെ.ഹരികുമാർ


എം.കെ.ഹരികുമാർ

സാഹിത്യവാരഫലത്തിന്റെ (എം.കൃഷ്ണൻനായർ) ചുവടുപിടിച്ചാണ്‌ കലാകൗമുദിയിൽ 'അക്ഷരജാലകം' വന്നു തുടങ്ങിയത്‌. ഇന്നും സാഹിത്യവാരഫലത്തിന്റെ പാറ്റേൺ ഏറെക്കുറെ അക്ഷരജാലകവും പിൻപറ്റുന്നു. അതുകൊണ്ടുതന്നെ മൗലികമായ ഒരു കോളം എന്ന സ്ഥാനം ഈ കോളത്തിന്‌ എന്നും അന്യമായിരിക്കും. ആന പിണ്ഡമിടുന്നതു കണ്ട്‌ ആട്‌ കാഷ്ഠമിടുന്നു എന്ന കളിയാക്കലൊക്കെ ഈ കോളം നേരത്തെ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്‌. മൗലികതയില്ലായ്മ ഈ കോളത്തിന്‌ ഒരു നിത്യശാപമായിരിക്കുമ്പോഴും വായിച്ചു മനസ്സിലാക്കേണ്ട രസകരമായ പലതും 'അക്ഷരജാലക'ത്തിലുണ്ട്‌. പലപ്പോഴും അത്‌ ഇൻഫർമേറ്റീവും ആണ്‌. പാശ്ചാത്യചിന്തകരുടെ ആശയങ്ങൾ സ്വന്തമെന്ന പോലെ ഈ കോളം ആഘോഷിക്കുന്നു എന്നതാണ്‌ ഈ കോളത്തിന്റെ മറ്റൊരു അഭിശാപം. ചില നന്മകളുടെ രൂപത്തിൽ 'അക്ഷരജാലക'ത്തിൽ ഇത്‌ നാം പലപ്പോഴും അഭിമുഖീകരിക്കുന്നു. മലയാളത്തിലെ ആനുകാലികങ്ങളിൽ വരുന്ന കഥയെയും കവിതയെയും ലേഖനങ്ങളെയും വിലയിരുത്തുമ്പോഴും നിരീക്ഷണങ്ങൾ അവതരിപ്പിക്കുമ്പോഴും ആണ്‌ അത്‌ അതിന്റെ പതനം പൂർത്തിയാക്കുന്നത്‌. ചില വ്യക്തികളെ ഒറ്റതിരിഞ്ഞ്‌ ആക്ഷേപിക്കുന്നതിനെ കുറിച്ച്‌  നേരത്തെ തന്നെ 'സംസ്കാരജാലകം' പ്രതികരിച്ചിട്ടുണ്ട്‌. ഇന്നത്തെ മാധ്യമങ്ങളുടെ കൊള്ളരുതായ്മകളെയും പുതുമുതലാളിത്തത്തിന്റെ ഏജന്റുമാരാകുന്നതിനെയും കുറിച്ച്‌ അക്ഷരജാലകം പലപ്പോഴും പ്രതിബദ്ധതയോടുകൂടി തന്നെ നന്നായി പ്രതികരിച്ചിട്ടുണ്ട്‌. മലയാളത്തിലെ ആനുകാലികങ്ങളിൽ വരുന്ന രചനകളെ മൗലികമായും സർഗ്ഗാത്മകമായും നിരീക്ഷിക്കുന്നതിന്‌ എം.കൃഷ്ണൻനായർക്ക്‌ സംഭവിച്ച പതനം അതേ പോലെ എം.കെ.ഹരികുമാറും ചുമക്കുകയാണ്‌. അക്ഷരജാലകം എന്ന പംക്തിയുടെ പേരു തന്നെ അവ്യാപ്തി ദോഷത്തെ ചുമന്നുകൊണ്ടാണ്‌ നിൽക്കുന്നത്‌. പേരിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ ധാരാളം ഈ കോളത്തിൽ സ്ഥാനം പിടിക്കുന്നുണ്ടെന്നർത്ഥം. ഇത്രയും നാളത്തെ ഹരികുമാറിന്റെ വായനാനുഭവവും സാഹിത്യപരിചയവുമൊക്കെ അക്ഷരജാലകത്തിന്‌ വായനാക്ഷമത കൊടുക്കുന്നുണ്ട്‌ എന്ന് സമ്മതിക്കണം. വായനയിൽ സജീവമായ ഒരുപാട്‌ ആളുകൾ- അക്ഷരജാലകത്തെ തിരിഞ്ഞു പോലും നോക്കാത്തത്‌ ആദ്യം സൂചിപ്പിച്ച കാരണങ്ങൾ കൊണ്ടുതന്നെയാണ്‌. എങ്കിലും സമകാലീന സാഹിത്യത്തോടും സംസ്കാരത്തോടും അതു പുലർത്തുന്ന വലിയ താൽപര്യം മലയാള സാഹിത്യത്തിലെ ലിറ്റററി ജേണലിസത്തെ സംബന്ധിച്ചിടത്തോളം വലിയ സംഭവം തന്നെയാണ്‌. എത്രയൊക്കെ വിമർശനം നിലനിന്നാലും ഒരു നിരൂപകൻ എന്ന നിലയിൽ ഹരികുമാർ നേടിയ വളർച്ചയും അക്ഷരജാലകത്തിന്‌ അനുഗ്രഹമാകുന്നുണ്ട്‌.




മുൻഷി





ഏഷ്യാനെറ്റ്‌ ചാനലിലെ 'മുൻഷി' നാം എത്രനാളായി കണ്ട്‌ ആസ്വദിക്കുന്നു ! ഏറ്റവും കൂടുതൽ എപ്പിസോഡുകൾ ഉണ്ടായ മുൻഷി ഗിന്നസ്‌ ബുക്കിലും കയറുകയുണ്ടായി. അനിൽ ബാനർജി സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയോപഹാസം ഉന്നതനിലവാരം പുലർത്തുന്നതാണ്‌. ആദ്യകാലത്തുണ്ടായിരുന്ന മുൻഷിയെ പ്രതിനിധാനം ചെയ്തിരുന്ന നടൻ ഈ രാഷ്ട്രീയോപഹാസത്തിന്റെ താരമായിരുന്നു. സമകാലീന സംഭവങ്ങളുടെ കൃത്യമായ രാഷ്ട്രീയവിമർശനപാഠമായും ഉപഹാസത്തിന്റെ കലയായും അതു മാറുകയാണ്‌. 19.02.2012 ഞായറാഴ്ച വന്ന പെൻഷൻ പ്രായം ഉയർത്തൽ സംബന്ധിച്ച രാഷ്ട്രീയോപഹാസം വിഷയത്തിന്റെ ആഴങ്ങൾ തേടാനുള്ള ഇതിന്റെ ശക്തിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്‌. ബുദ്ധി കൊണ്ടും കലാബോധം കൊണ്ടും ആസ്വദിക്കേണ്ടതാണ്‌ മുൻഷി. അതുകൊണ്ടാവാം റിയാലിറ്റി ഷോകൾ പോലെയും അന്തസാരശൂന്യമായ മറ്റ്‌ കലാപരിപാടികൾ പോലെയും അത്‌ പൊടിപിടിക്കാത്തത്‌. ആവർത്തിക്കപ്പെടുന്ന അഭിനയങ്ങളും ചലനങ്ങളും ഇടയ്ക്ക്‌ കാര്യമായി പുതുക്കുന്നതിൽ കൂടി അനിൽ ബാനർജി ശ്രദ്ധിക്കണം.


കാൻസർ വാർഡ്‌ - അജീഷ്‌ ദാസ്‌


പുതുകവിതയുടെ പുതിയമുഖം എന്ന ലേബലിലാണ്‌ അജീഷ്‌ ദാസിന്റെ 'കാൻസർ വാർഡും' ഡി.സി.ബി പുറത്തുകൊണ്ടു വന്നത്‌. അതിലെ കാ(കോള) പേരുകൊണ്ടുതന്നെ കവിതയുടെ ആശയത്തെ ഗർഭീകരിക്കുകയാണ്‌. കവിത ഇങ്ങനെ...

അമേരിക്കേ അമേരിക്കേ
അരിമേടിക്കാൻ കാശില്ലാത്ത
ഞങ്ങളെക്കൊണ്ട്‌ നിത്യം
കോള കുടിപ്പിക്കുന്ന
ആഗോള കാരുണ്യമേ
നിനക്കു സ്തുതി
കോളമേടിച്ചുകൊണ്ട്‌
സ്തുതി.
കോളകുടിച്ചുകൊണ്ട്‌
സ്തുതി.
മേടിച്ചുകുടിച്ച കോള
ജീവനെടുക്കും മുമ്പ്‌
സ്തുതി.

മോരുംവെള്ളവും നാരങ്ങവെള്ളവും നെല്ലിക്കാവെള്ളവും കരിക്കിൻവെള്ളവും ഒക്കെ കുടിച്ച്‌ വളരേണ്ട നമ്മുടെ കുട്ടികളെക്കൊണ്ട്‌ കോള വാങ്ങിക്കുടിപ്പിക്കുന്ന പരുവത്തിൽ എത്തിക്കാൻ കോള കമ്പനിക്ക്‌ കഴിയുന്നുവെങ്കിൽ ക്രിക്കറ്റ്‌ താരങ്ങളും/ സിനിമാതാരങ്ങളും ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളുമെല്ലാം അവർക്ക്‌ തുണയായിട്ടുണ്ടെന്ന് കരുതിക്കൊള്ളുക. കരിപ്പെട്ടികാപ്പി കുടിച്ചുകൊണ്ടിരുന്ന നമ്മെ ചായകുടിയന്മാരും കട്ടൻകാപ്പി കുടിയന്മാരുമാക്കിയതിന്റെ പിന്നിലെ ദീർഘചരിത്രം ഈ കവിത നമ്മുടെ ഓർമ്മയിലേക്ക്‌ കൊണ്ടുവരുന്നു. നമ്മുടെ പാനീയങ്ങൾ എത്രമാത്രം ഊർജ്ജദായകമാണ്‌ എന്ന് പ്രകൃതിജീവനക്കാർ തന്നെ നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌. ആഗോള മൂലധനശക്തിയുടെ ചതി കവിതകൊണ്ട്‌ തന്നെ മലയാളിയുടെ ചേതനയിലേക്ക്‌ ഇട്ടുതരികയാണ്‌ അജീഷ്ദാസ്‌. കവിതയിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ യുവത്വം ഈ ചതികളൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക ?


റിപ്പോർട്ടർ ചാനൽ - സുകുമാരി/വേണു



സുകുമാരി


03.03.2012 ൽ റിപ്പോർട്ടർ ചാനലിൽ സുകുമാരിയുമായി വേണു നടത്തിയ അഭിമുഖം ശ്രദ്ധേയമായിരുന്നു. ജോണി ലൂക്കോസും വേണുവും ഇന്റർവ്വ്യൂവേഴ്സ്‌ എന്ന നിലയിൽ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്‌. വേണുവിന്റെ ചോദ്യങ്ങൾ മികച്ച നടിയായ സുകുമാരിയിലെ മികച്ച സംസ്കാരത്തെയാണ്‌ പുറത്തുകൊണ്ടുവന്നത്‌. സുകുമാരിയുടെ ഉത്തരങ്ങൾ വേണുവിനെ ഏറെ മറികടക്കുന്നതുമായിരുന്നു. എണ്ണമറ്റ സിനിമകളിൽ അഭിനയിച്ച സുകുമാരി ജീവിതത്തെ എത്ര ഉദാത്തമായാണ്‌ നേരിടുന്നത്‌ എന്നാണ്‌ അവരുടെ ഉത്തരങ്ങൾ നമ്മെ പഠിപ്പിച്ചത്‌. ആറുപതിറ്റാണ്ട്‌ നീണ്ട സുകുമാരിയുടെ കലാജീവിതം കാഴ്ചക്കാരുമായി നന്നായി ഈ അഭിമുഖം പങ്കുവെക്കുകയുണ്ടായി. മലയാളത്തിലെ പുതിയ നായകൻ മമ്മൂട്ടിയുടെ മകന്റെ  മുത്തശ്ശിയായി അഭിനയിക്കണമെന്നാണ്‌ സുകുമാരിയുടെ ഇപ്പോഴത്തെ മോഹം. ഇത്ര പ്ലസന്റായ ഒരു ജീവിതദർശനമോ എന്ന അത്ഭുതമാണ്‌ ഈ അഭിമുഖം കാഴ്ചക്കാർക്ക്‌ പകർന്നു നൽകിയത്‌.


സുജ സൂസൻ ജോർജ്ജ്‌ കാമിലാ വല്ലേജൊറെയെ 
നമുക്ക്‌ കാണിച്ചുതന്നു.



യുവധാര മാർച്ച്‌ ലക്കത്തിൽ സുജ എഴുതിയ 'ഞങ്ങളുടെ ഭാവി വിൽക്കാനുള്ളതല്ല' എന്ന ലേഖനം കേരളത്തിലെ മുഴുവൻ സ്കൂൾ, കോളേജ്‌ വിദ്യാർത്ഥിനികളിലും എത്തിക്കണം. കാരണം, പുതുകാല രാഷ്ട്രീയ സാമ്പത്തിക തിന്മകൾക്കെതിരെയുള്ള സമരം അവിടെയാണ്‌ രൂപപ്പെട്ട്‌ ആളിപ്പടരേണ്ടത്‌. ചിലിയിലെ വിപ്ലവനായിക വല്ലേജൊറെയെ നമ്മുടെ നാട്ടിലെ കുട്ടികൾ അറിയട്ടെ. 2011 ആഗസ്റ്റ്‌ 18 ന്‌ 50000 വിദ്യാർത്ഥികൾ ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിൽ വിദ്യാഭ്യാസമന്ത്രിയുടെ ആഫീസിലേക്ക്‌ കുടകൾ നിവർത്തിപ്പിടിച്ച്‌ നടത്തിയ മാർച്ച്‌ അവസാനിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ വിദ്യാഭ്യാസമന്ത്രിക്ക്‌ രാജിവെക്കേണ്ടി വന്നു. നവലിബറൽ നയങ്ങൾക്കെതിരെ ലോകത്തെമ്പാടും വളർന്നു വരേണ്ട പോരാട്ടങ്ങൾക്ക്‌ ഈ കുടകളുടെ മാർച്ച്പാസ്റ്റ്‌ ഉത്തേജനം പകരും സംശയമില്ല.



സി.പി.എം ഇരുപതാം പാർട്ടി കോൺഗ്രസ്സും 
അഞ്ചാം മന്ത്രിസ്ഥാനവും



ചരിത്രപ്രധാനമായ സി.പി.എം പാർട്ടി കൊൺഗ്രസ്‌ നടക്കുമ്പോഴാണ്‌ നാണം കെട്ടരീതിയിൽ അഞ്ചാം മന്ത്രിസ്ഥാനം മാധ്യമങ്ങൾ അലക്കിയത്‌. തൽപ്പരകക്ഷികളുടെ ഗൂഢാലോചനയിൽ പാർട്ടി കോൺഗ്രസ്‌ വാർത്തകളുടെ പ്രാധാന്യം കെടുത്തുവാനുള്ള ശ്രമമായിരുന്നു ഇതെന്ന് കേരളത്തിൽ കുറെയധികം പേരെങ്കിലും മനസിലാക്കിക്കഴിഞ്ഞു. ദേശാഭിമാനി പത്രവും കൈരളി പീപ്പിളും ഒക്കെ ഇരുപതാം പാർട്ടി കോൺഗ്രസ്‌ ജനങ്ങളിൽ എത്തിക്കുന്നതിൽ വലിയ മികവാണ്‌ പ്രകടിപ്പിച്ചത്‌.


ബ്ലോഗ്‌ കവിതകൾ


ആനുകാലികങ്ങളിലെ പത്രാധിപന്മാരുടെ ക്രൂരതയ്ക്ക്‌ എതിരെ 'ദൈവം' കണ്ടുപിടിച്ച ഒരു സാദ്ധ്യതയാണ്‌ ബ്ലോഗെഴുത്ത്‌. ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്ന ഉജ്ജ്വലങ്ങളായ കവിതകൾ സമാഹരിച്ചു പ്രസിദ്ധീകരിക്കാൻ ഈ രംഗത്തുള്ളവർ ശ്രദ്ധിക്കേണ്ടതാണ്‌. അത്‌ പുതുമലയാളകവിതയുടെ വൻനേട്ടമായി മാറും. സംശയമില്ല.

ഇറങ്ങിനടപ്പ്‌

2011 ഒക്ടോബർ 3 തിങ്കളാഴ്ച റഹിം പൊന്നാടിന്റെ 'ഇറങ്ങിനടപ്പ്‌' എന്ന ബ്ലോഗിലെ ' ഗാന്ധി ' എന്ന കവിത വായിച്ചു. പദങ്ങളുടെ ശ്ലേഷം കവിത സൃഷ്ടിക്കുന്നത്‌ പഴയ ഒരേർപ്പാടാണ്‌. പക്ഷെ, റഹിം ഇവിടെ ഒരു പുതിയ ശ്ലേഷം സൃഷ്ടിച്ചാണ്‌ കവിത തേടുന്നത്‌. ഇങ്ങനെയാണ്‌ റഹിം വൈരുദ്ധ്യത്തിൽ നിന്ന്‌ കവിതയുമായി ഉയരുന്നത്‌.

ഉപ്പുകുറുക്കിയും
ഉപവാസം കിടന്നും
വെള്ളക്കാരെ തുരത്തിയും
തീർന്നുപോയി
പാവം ഗാന്ധി.

കള്ളുകുടിച്ചും
കൈക്കൂലി വാങ്ങിയും
വെള്ളക്കാരികളെ തിരഞ്ഞും
തീർന്നുപോയി
കീശയിലെ ഗാന്ധി.


കടലാസുറോസ

2012 ജനുവരി 2 തിങ്കളാഴ്ച 'കടലാസുറോസ' എന്ന ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത മോഹനകൃഷ്ണൻ കാലടിയുടെ ' ഇരട്ടവാലൻ 'എന്ന കവിത ശ്രദ്ധേയമായിരുന്നു. വായന നഷ്ടപ്പെട്ട ഇക്കാലത്ത്‌, ആർത്തിപൂണ്ട ഒരു വായനക്കാരന്റെ ഹൃദയം വിടർത്തിക്കാണിക്കുന്ന കവിതയാണ്‌ ഇരട്ടവാലൻ. കവിതയുടെ തുടക്കം മുതൽ ഏകദേശം അവസാനം വരെ വസ്തുനിഷ്ഠത കൊണ്ടാണ്‌ മോഹനകൃഷ്ണൻ കവിതയിൽ പെരുമാറുന്നത്‌.എന്നാൽ കവിതയുടെ അവസാനഭാഗത്ത്‌ വസ്തുനിഷ്ഠത ചിറകുവെച്ച്‌ പറന്നകലുന്നത്‌ നോക്കുക.

എല്ലാറ്റിനും കൂടി
കൃത്യമായും സത്യമായും
ഒരൊറ്റ ഉത്തരം പറഞ്ഞുതന്നാൽ
നിനക്ക്‌
ഈ കൂട്ടത്തിൽ നിന്ന്‌
ഒരു പുസ്തകം
കൊണ്ടുപോകാൻ തരാം.
അടുത്ത ജന്മത്തിൽ
തിരിച്ചു തന്നാൽ മതി.


മഴപ്പാറ്റകൾ

'മഴപ്പാറ്റകൾ' എന്ന ബ്ലോഗിലെ അജിത്‌.കെ.സി യുടെ ' നീർച്ചെടികൾ ' എന്ന കവിത വായിച്ചു. മനുഷ്യജീവിതാനുഭൂതികളാണ്‌ 'നീർച്ചെടി'കളിലും തെളിഞ്ഞു വരുന്നത്‌. അതു തന്നെയാണ്‌ കവിതയെ ചേതോഹരമാക്കുന്ന ഭാവന. കവിതയുടെ അവസാന ഭാഗത്ത്‌ കാണുന്ന ഉപമ അവസരത്തിന്റെ ആനുകൂല്യം കൊണ്ടാണ്‌ അപൂർവ്വഭംഗി ആർജ്ജിച്ചു നിൽക്കുന്നത്‌.

പറിച്ചെടുത്ത
നങ്കൂരങ്ങൾക്കൊപ്പം
തുറമുഖങ്ങൾ തോറും
ഇഴയടുപ്പിക്കുന്ന
വിധിയൊഴുക്കുകൾ
വേരുകളാഴ്ത്താതെ
പൊങ്ങിക്കിടക്കുന്ന
അനുഭവം
ജഢത്തെപ്പോലങ്ങനെ
അവയ്ക്കും ഉണ്ടാകുന്നു
.

മികച്ച സർഗ്ഗാത്മകാനുഭവമായി കവിത ഉയർന്നിട്ടുണ്ട്‌.

ദർപ്പണം

2012 ജനുവരി 16 തിങ്കളാഴ്ച ദർപ്പണം എന്ന ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത മുഹമ്മദ്‌ ഷാഫിയുടെ  ' മതിലുകൾ' ആശയ സൗന്ദര്യമുള്ള കവിതയാണ്‌. ചെന്നകപ്പെടുന്ന അസ്വതന്ത്രലോകത്തെ ഈ മനോഹരമായ കവിത അറിയിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിസ്സഹായനായി തീരുന്ന വിവേകശാലിയായ അച്ഛന്റെ മനോനില കൂടി കവി ചേർത്തിരിക്കുന്നു. മികച്ച ഫെമിനിസ്റ്റ്‌ കവിതയായി മതിലുകൾ വൻ വായനാസാദ്ധ്യതയാണ്‌ തന്നുകൊണ്ടിരിക്കുന്നത്‌.

ഇടവഴികളിൽ
ബസ്‌ സ്റ്റോപ്പിൽ
കൂട്ടുകാരിയുടെ വീട്ടിൽ
വീട്ടിലേക്കുള്ള വിജനമായ
പാടവരമ്പത്ത്‌
മകൾക്കൊപ്പം പണിത മതിലിന്റെ
കടം വീട്ടാൻ
ഞാനിന്നൊരു ഭ്രാന്തൻ
മതിൽക്കെട്ടിനുള്ളിലാണ്‌




ത്രിമാനം



കലാകൗമുദിയിലെ സത്യമൂർത്തിയുടെ 'ത്രിമാനം' എന്ന പംക്തി രാഷ്ട്രീയ- സാമൂഹികമാനവും ചിന്തോദ്ദീപകമായ നർമ്മവും കൊണ്ട്‌ മികച്ചതാണ്‌. മലയാളത്തിലെ ഫലിതം ജനിപ്പിക്കുന്ന പ്രിന്റ്‌മീഡിയയിലെ പംക്തികളിൽ 'ത്രിമാന'ത്തിനു മാന്യമായ ഒരിടമുണ്ട്‌. ചിന്തയെ ഉദ്ദീപിപ്പിക്കുന്ന നർമ്മം സൃഷ്ടിക്കാൻ തികഞ്ഞ ബുദ്ധി വേണം. ഇതിനെയാണ്‌ കോമിക്‌ ജീനിയസ്‌ എന്നു പറയുന്നത്‌. സത്യമൂർത്തിയുടെ ത്രിമാനത്തിലെ ഒരു പീസ്‌ ഇങ്ങനെ-

മുല്ലപ്പെരിയാറിന്‌,
പ്രിയപ്പെട്ട ഡാമേ, നിന്നെ എല്ലാവരും മറന്നു. അല്ലേ. ഇത്രയൊക്കെയേ ഉള്ളൂ മനുഷ്യന്റെ കാര്യം. നിന്നെയല്ല വാർത്തകളായിരുന്നു അവർക്ക്‌ വേണ്ടത്‌. പുതിയ വാർത്ത കിട്ടി. നിന്നെ വിട്ടു.



ടി.ദാമോദരൻ

ടി.ദാമോദരൻ

നിരവധി വിജയചിത്രങ്ങൾക്ക്‌ ചലച്ചിത്രഭാഷ ചമച്ച പ്രമുഖ തിരക്കഥാകൃത്ത്‌ ടി.ദാമോദരന്റെ വിയോഗം മലയാളസിനിമയ്ക്ക്‌ തീരാനഷ്ടമായി. ഇത്തിരിപ്പൂവേ ചുവന്നപൂവേ, അങ്ങാടി, 1921, ഈ നാട്‌, വാർത്ത, ആവനാഴി, അദ്വൈതം, കാലാപാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സാമൂഹിക വിഷയങ്ങൾ വെള്ളിത്തിരയിലെത്തിച്ച ടി.ദാമോദരന്റെ ഓർമ്മയ്ക്ക്‌ മുന്നിൽ 'സംസ്കാരജാലകം' പൂക്കളർപ്പിക്കുന്നു.



ഹായ്‌ ആലുക്കാസ്‌



'ഉണ്മ'യിൽ (2012 ഫെബ്രുവരി) വിശ്വൻ പടനിലം എഴുതിയ ലഘുകഥയാണിത്‌. കഥ മികച്ചതല്ലെങ്കിലും ഇന്നത്തെ ചില സ്കൂൾ/കോളേജ്‌ ടീച്ചർമാരുടെ മനോഭാവം ആണ്‌ ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്‌. ജീവിതത്തിന്റെ അന്തസാരശൂന്യമായ സമീപനത്തെയാണ്‌ ഇവർ പ്രതിനിധാനം ചെയ്യുന്നത്‌. പൊങ്ങച്ചം പറയാനും, ഭർത്താക്കന്മാരെക്കുറിച്ച്‌ ഇല്ലാമഹത്വം പറയുന്നതിനും ആഡംബരഭ്രമം പ്രദർശിപ്പിക്കാനുമാണ്‌ ഇക്കൂട്ടർ ടീച്ചേഴ്സ്‌ റൂമുകളെ ഉപയോഗിക്കുന്നതെന്ന ആക്ഷേപം ഇപ്പോൾതന്നെ നിലവിലുണ്ട്‌. അതുകൊണ്ടാണ്‌ ടീച്ചേഴ്സ്‌ റൂമുകൾ ബോംബുവെച്ചു തകർക്കണമെന്ന് കുരീപ്പുഴ ശ്രീകുമാർ ഒരു കവിതയിലൂടെ ലോകത്തോട്‌ വിളിച്ചുപറഞ്ഞത്‌. ഇ.ഹരികുമാറിന്റെ 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ' എന്ന കഥ ഈ വിഷയത്തെ ഉന്നതമായ കലാബോധത്തോടെ കൈകാര്യം ചെയ്യുന്ന രചനയാണ്‌.



കൊച്ചി ഇന്റർനാഷണൽ ഫാഷൻ വീക്ക്‌



കൊച്ചി ഇന്റർനാഷണൽ ഫാഷൻ വീക്കിൽ ബഹ്‌റൈനിൽ നിന്നുള്ള ഡിസൈനർ പ്രിയ കതാരിയപുരിയുടെ ശേഖരണത്തിലെ വസ്ത്രങ്ങളുമായി റാംപിൽ മുൻ മിസ്‌വേൾഡ്‌ റണ്ണർ അപ്‌ പാർവ്വതി ഓമനക്കുട്ടൻ ശ്രദ്ധാകേന്ദ്രമായി എന്ന വാർത്തയുമായാണ്‌ ഫാഷൻ വീക്കിന്റെ ഉദ്ഘാടനവാർത്ത ചില പത്രങ്ങളിൽ വന്നത്‌. സൗന്ദര്യമത്സരവും ഫാഷൻ വീക്കുകളുമെല്ലാം പുതിയ ലോകബോധം ശക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും എഴുന്നെള്ളിക്കുന്നത്‌ ലജ്ജാവഹമാണ്‌. ആടയാഭരണങ്ങൾക്കും ആർഭാടങ്ങൾക്കും അപ്പുറം മനുഷ്യന്റെ തനതായ അസ്തിത്വത്തെ കണ്ടറിയുവാനാണ്‌ പുതിയ ലോകബോധം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. പെൺസമത്വത്തെ ഫാഷൻ ഭ്രമത്തിൽ ആറാടിക്കുവാനല്ല അവരെ ആശയജീവികളാക്കി മാറ്റുവാനാണ്‌ പുതിയ കാലം ശ്രദ്ധിക്കേണ്ടത്‌. നമ്മുടെ ഫെമിനിസ്റ്റുകൾ ഇക്കാര്യത്തിൽ അവരുടെ നിലപാടുകൾ ഇനിയെങ്കിലും വ്യക്തമാക്കണം.



റെയിൻബോ രാജേഷ്‌


റെയിൻബോ രാജേഷ്‌

റെയിൻബോ ബുക്സിന്റെ ഉടമ (ചെങ്ങന്നൂർ) എൻ.രാജേഷ്കുമാറിന്റെ മരണം വേദനയോടെയാണ്‌ കേട്ടത്‌. നിഷ്ക്കളങ്കമായ ശരീരഭാഷയും ആ പുഞ്ചിരിയും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. രാജേഷ്‌ ഡി.സി.ബുക്സിൽ ഉണ്ടായിരുന്ന കാലം മുതൽ അറിയാമായിരുന്നു. കോട്ടയം-കൊല്ലം പാസ്സഞ്ചർ ട്രെയിനിൽ വെച്ച്‌ കാണുമ്പോൾ നിഷ്ക്കളങ്കമായ ചിരിയോടെ രാജേഷ്‌ അടുത്തേക്ക്‌ വരുമായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു മഴവില്ലായിരുന്നു രാജേഷ്‌. അതുകൊണ്ടുതന്നെ രാജേഷിനെ അനുസ്മരിച്ചുകൊണ്ട്‌ 'മഴവില്ലിന്റെ ഓർമ്മയ്ക്ക്‌' എന്ന പേരിൽ പ്രദീപ്‌ പനങ്ങാട്‌ കലാകൗമുദിയിൽ (2012 ഏപ്രിൽ 8) എഴുതിയ ചെറിയ കുറിപ്പിന്റെ തലക്കെട്ടും ഭാവപൂർണ്ണമായി. സാഹിത്യത്തോടുള്ള രാജേഷിന്റെ അപാരമായ സ്നേഹവായ്പ്‌ ഏറെ ആദരവോടെയാണ്‌ ഞങ്ങൾ നോക്കിനിന്നിട്ടുള്ളത്‌.



ശ്രദ്ധേയമായ ചിന്ത



കേരളത്തിലെ മുഴുവൻ സ്കൂൾ,കോളേജ്‌ വിദ്യാർത്ഥികളെയും (സിലബസ്‌, മാധ്യമ വ്യത്യാസമില്ലാതെ) കേരളകലകളും ക്ലാസിക്കൽ കലകളും പരിചയപ്പെടുത്തുന്നതിന്‌ ഒരു ബൃഹത്പദ്ധതി കേരള സർക്കാർ ആവിഷ്ക്കരിക്കണം. കച്ചവടസിനിമകളിലെയും ദൃശ്യമാധ്യമങ്ങളിലെയും അശ്ലീലച്ചുവയുള്ളതും വൈകാരികധ്വനിയുള്ളതുമായ നൃത്തങ്ങളാണ്‌ കലകൾ എന്ന് നമ്മുടെ കുട്ടികൾ തെറ്റിദ്ധരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. യഥാർത്ഥ ജീവിതദർശനവും ആത്മബോധവും കുട്ടികൾക്ക്‌ അന്യമായിപ്പോവുകയാണ്‌. മഹാഭൂരിപക്ഷം കുട്ടികളും മാനസികമായി വളർച്ചയില്ലാത്തവരായി തീരുന്നതിൽ അവരെ കുറ്റപ്പെടുത്തിയിട്ട്‌ എന്താണ്‌ കാര്യം.



ഗിൽഗമേഷ്‌



ഗിൽഗമേഷ്‌ നമ്മെ അതിശയിപ്പിക്കുന്ന ഒരു എപിക്‌ കാവ്യമാണ്‌. ബി സി 2000 മാണ്ടിൽ ഉണ്ടായ ഈ കാവ്യം അക്കാഡിയൻ ഭാഷയിൽ എഴുതപ്പെട്ടതാണ്‌. യുഫ്രട്ടീസ്‌ - നദീതടസംസ്കാരത്തിന്റെ ശേഷിപ്പുകളിൽ പ്രധാനമാണ്‌ ഈ കാവ്യം എന്ന് കണ്ടത്തെപ്പെട്ടിട്ടുണ്ട്‌. ഇതിലെ ചില ആശയങ്ങൾ തന്നെ നമ്മെ ആഴച്ചിന്തയിലേക്ക്‌ നയിക്കുന്നതാണ്‌. നിത്യയൗവ്വനസുധ കൊണ്ടൊന്നും ജീവിതത്തിന്റെ നശ്വരതയെ ആർക്കും ജയിക്കാൻ കഴിയില്ല എന്ന് ഈ കാവ്യം ലോകത്തെ പഠിപ്പിക്കുന്നുണ്ട്‌. 'ശിവ ശിവ സർവ്വമനാഥമീ ജഗത്തിൽ' എന്നു കുമാരനാശാൻ പാടിയത്‌ എത്ര അർത്ഥവത്താണ്‌ എന്ന് ഈ കാവ്യവും നമ്മെ പഠിപ്പിക്കുന്നു. ഗിൽഗമേഷ്‌ കുറച്ചുഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ ഈ ദേശീയ വീരഗാഥയുടെ മഹത്വം വെളിവായിക്കിട്ടി. ഭാരതീയതയിൽ നമുക്ക്‌ പരിചിതമായ ചില ആശയങ്ങൾ ഈ കാവ്യത്തിൽ അലതല്ലുന്നുണ്ട്‌. നിത്യജീവിതത്തെ ഇതിൽപ്പരം തത്വചിന്താത്മകമായി എങ്ങനെ വെളിപ്പെടുത്താൻ കഴിയും.

സ്നേഹം നിറഞ്ഞ ഹൃദയമുള്ളവർ 
ദൈവത്തെ അവനിൽ തന്നെ കാണുന്നു. 
അതിൽ അവന്‌ പൂർണ്ണസംതൃപ്തി ലഭിക്കുന്നു
ആ അനുഭവമാണ്‌ നിത്യജീവിതത്തിന്റെ പാനപാത്രം.
(വിവ.സി.പി.തോമസ്‌).


ദിലീപ്‌/ മായാമോഹിനി


ദിലീപ്‌

ദിലീപിന്റെ 'കുഞ്ഞിക്കൂന'നിലെ അഭിനയവും 'ചാന്തുപൊട്ട്‌' എന്ന സിനിമയിലെ അഭിനയവും മലയാളിക്ക്‌ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്ന 'മായാമോഹിനി'യിലും ദിലീപ്‌ പെൺവേഷം എടുക്കുന്നു. ദിലീപ്‌ എന്ന പുരുഷന്റെ പെണ്ണഭിനയം ഒക്കെ മികച്ചതാണ്‌. ഹിന്ദി സിനിമയിലെ കൊള്ളരുതായ്മകൾ മലയാളത്തിലേക്ക്‌ ഇറക്കുമതി ചെയ്യുകയാണ്‌ മായാമോഹിനി. ഈ തട്ടിപ്പ്‌ മലയാളിയുടെ യുവത്വത്തിൽ ഉണ്ടാക്കാൻ പോകുന്ന കെടുതികൾ ഭയങ്കരമായിരിക്കും. ബാലചന്ദ്രൻ ചുള്ളിക്കാട്‌ നല്ല അഭിനയമാണ്‌ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള തട്ടുപൊളിപ്പൻ സിനിമകളിൽ അഭിനയിക്കുക വഴി ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഉദാത്തമായ ചലച്ചിത്ര സങ്കൽപ്പനങ്ങളോടും കലയുടെ വിശുദ്ധിയോടും കൊലച്ചതി ചെയ്യുകയാണ്‌. നരേന്ദ്രപ്രസാദിന്റെ വിധി ബാലചന്ദ്രനും !



എസ്‌.ആർ.ലാൽ മലയാളകഥയിൽ മുന്നേറുന്നു


എസ്‌.ആർ.ലാൽ


'എറണാകുളം സൗത്തോടു'കൂടി (ഡി.സി.ബുക്സ്‌,2010) എസ്‌.ആർ.ലാൽ ഫിക്ഷനിൽ നല്ല ഒരു മുന്നേറ്റമാണ്‌ നടത്തിയത്‌. 'ജീവിതസുഗന്ധി' (ഉണ്മ,2006), 'ഭൂമിയിൽ നടക്കുന്നു' (കറന്റ്‌ ബുക്സ്‌ 2002) എന്നീ കഥാസമാഹാരങ്ങളും 'ജീവചരിതം' (കറന്റ്‌ ബുക്സ്‌,2005), 'കളിവീട്‌' (ഹരിതം ബുക്സ്‌, 2004) എന്നീ നോവലുകളും എസ്‌.ആർ ലാലിന്‌ നമ്മുടെ ഫിക്ഷനിൽ ഒരിരിപ്പിടം ഉറപ്പാക്കിക്കഴിഞ്ഞു. എറണാകുളം സൗത്തിലെ 'കർണ്ണപർവ്വം' നേരത്തെ പ്രസിദ്ധീകരിച്ചുവന്നപ്പോൾ തന്നെ സവിശേഷമായി ശ്രദ്ധിച്ചിരുന്നു.

സ്വന്തം ഐഡന്റിറ്റി പോലും നഷ്ടപ്പെട്ട്‌ ഷേക്സ്പിയറുടെ ചില പ്രശസ്ത കഥാപാത്രങ്ങളായി മാറിപ്പോയ പ്രഗത്ഭരായ നടന്മാരെക്കുറിച്ച്‌ (ലണ്ടൻ തിയേറ്ററിലെ) നേരത്തെ തന്നെ കേട്ടിട്ടുണ്ടായിരുന്നു. ഷാജി.എൻ.കരുണുമായി ഡോ.കെ.ഗോപിനാഥ്‌ നടത്തിയ ഒരു സംവാദത്തിലും ഇത്‌ പറയുന്നുണ്ട്‌. 'കർണ്ണപർവ്വം' ഇത്തരത്തിലുള്ള ഒരു നടനെക്കുറിച്ച്‌, മനസ്സിനെ സ്പർശിച്ചുണർത്തുന്ന കഥയാണ്‌. കഥ പറയുന്നതിന്‌ ആർജ്ജവമുള്ള ഒരു കഥനഭാഷ, ലളിതഭാഷ കൊണ്ടുതന്നെ മെനയുന്ന പാടവമാണ്‌ 'കർണ്ണപർവ്വ'ത്തെ ചേതോഹരമായി വായിച്ചുപോകാവുന്ന ഒരു കഥയാക്കി മാറ്റിയിരിക്കുന്നത്‌. കഥ പറയുന്ന ഭാഷ വായനക്കാരനുമായി സാമാന്യം ഒച്ചയിൽ വർത്തമാനം പറയുമ്പോഴാണ്‌ ആഖ്യാനം ഉടലെടുക്കുന്നത്‌. ഈ വർത്തമാനത്തിലാണ്‌ കഥ ഒരു സംവേദനവും ഒരു അനുഭവവും ഒരു കലാസൃഷ്ടിയുമായി മാറുന്നത്‌. എസ്‌.ആർ.ലാൽ ഇത്‌ വശമാക്കിക്കഴിഞ്ഞു. കർണ്ണൻ സെബാസ്റ്റ്യൻ എന്ന മനുഷ്യൻ എന്തുകൊണ്ടാണ്‌ ജീവിതാന്ത്യത്തോടടുക്കവേ ഭ്രാന്തനായി മാറി കർണ്ണനായി ജംഗ്ഷനിൽ അലഞ്ഞു തിരിയുന്നത്‌ ? ഏതു കർമ്മവും സ്വയം മറന്നു ചെയ്യണം. ഇതിന്റെ രൂപകമാകാൻ കൂടിയുള്ള കരുത്ത്‌ എസ്‌.ആർ.ലാലിന്റെ കർണ്ണപർവ്വം എന്ന കഥയിലെ കർണ്ണൻ സെബാസ്റ്റ്യനുണ്ട്‌. ഇയാളുടെ ജീവിതത്തിനു പിന്നിലുള്ള ത്യാഗചരിതം കൂടി ചേരുമ്പോൾ കർണ്ണൻ സെബാസ്റ്റ്യൻ മലയാളകഥാലോകത്തിലെ ഒരനശ്വര കഥാപാത്രത്തിലേക്ക്‌ സഞ്ചരിക്കുകയാണ്‌. നമ്മുടെ നാടകം കടന്നു പോകുന്ന പ്രതിസന്ധികളെ അടയാളപ്പെടുത്തിപ്പോകുന്നതുകൊണ്ട്‌ കഥയ്ക്ക്‌ ചരിത്രത്തിന്റെ സൗന്ദര്യം കൂടി കിട്ടുകയാണ്‌. അതോടുകൂടി കഥ അനിഷേധ്യമായി മലയാളകഥയിൽ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലുണ്ടാകാവുന്ന പ്രശ്നങ്ങൾ എല്ലാം കഥാമാധ്യമത്തിൽ സ്വീകരിച്ചു എന്നതും കഥയെ അനിഷേധ്യമാക്കി നിർത്തുന്നു. കഥയ്ക്കുള്ളിലെ മീനയുടെ മകന്റെ കല്യാണത്തെക്കുറിച്ചുള്ള സങ്കടവും  ഹോം നേഴ്സും ഭ്രാന്തുപിടിച്ച കർണ്ണന്റെ ദാനശീലവും എല്ലാം കഥയെ പുതിയ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്നു. കഥയ്ക്കുള്ളിൽ വരുന്ന കാലചേതന ഇതിനെ മികച്ച കലാസൃഷ്ടിയാക്കുന്നുണ്ട്‌. പഴയകാലം കർണ്ണനെ കുന്തി, നദിയിലൊഴുക്കിയെങ്കിൽ പുതിയകാലം മക്കൾ അച്ഛനെ പുഴയിൽ ഒഴുക്കുന്നു. ഇത്‌ ഉപേക്ഷിക്കലിന്റെ പ്രതിമാനം കൂടിയാണ്‌. വാർദ്ധക്യത്തിന്റെ അരക്ഷിതത്വവും സമ്പത്തുവിട്ട്‌ യാതൊരു കളിയും കളിക്കാത്ത മക്കളും എല്ലാം കഥയ്ക്ക്‌ കാലമുദ്ര ഭംഗിയായി ചാർത്തുന്നു. അനവധി മാനങ്ങളിലേക്ക്‌ ധ്വനിച്ചു നിൽക്കുന്ന ഈ കഥ അതുകൊണ്ടു തന്നെ മികച്ച കലാസൃഷ്ടിയായി മാറുന്നു. കഥയെഴുതാനുള്ള എസ്‌.ആർ.ലാലിന്റെ പാടവത്തിന്‌ കർണ്ണപർവ്വം അടിവരയ്ക്കുകയാണ്‌. കാരൂരിന്റെയും മറ്റും കഥാഭാഷയ്ക്കുള്ള തെളിമയാണ്‌ എസ്‌.ആർ.ലാലും മോഹിക്കുന്നതെന്ന് തോന്നുന്നു. കാമ്പുള്ള ജീവിതസാരങ്ങൾ ആണ്‌ ഈ തെളിമ കൊണ്ട്‌ കഥയിൽ കൂടുതൽ ഉദാരമായി തെളിയുന്നത്‌. ഇതു തന്നെയാണ്‌ കഥയുടെ വിജയത്തിന്‌ നിദാനം.

കർണ്ണനെ പെട്ടിയിലാക്കി ഒഴുക്കിയപ്പോൾ കുന്തിക്ക്‌ ചില പ്രതീക്ഷകളും പ്രാർത്ഥനകളും ഉണ്ടായിരുന്നു. പിതാവിനെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിവിടുന്ന ഈ കഥയിലെ പുതിയകാലത്തിന്റെ മക്കൾക്കോ? കഥയിൽ പുതിയ കാലത്തിന്റെ കൊച്ചിതിഹാസമാണ്‌ എസ്‌.ആർ.ലാലിന്റെ കർണ്ണപർവ്വം നിർവ്വഹിക്കുന്നത്‌




ഫോട്ടോഷോപ്പിൽ ഒരാത്മകഥ


ജി.ബിജു

ജി.ബിജുവിന്റെ കവിതാസമാഹാരമാണിത്‌. ഫേബിയൻ ബുക്സാണ്‌ പുസ്തകം ഇറക്കിയിട്ടുള്ളത്‌. 2010 ൽ പുസ്തകം പുറത്തുവന്നുവെങ്കിലും 'സംസ്കാരജാലക'ത്തിനു പുസ്തകം എത്തിച്ചുതന്നത്‌ ഇപ്പോഴാണ്‌. വ്യത്യസ്ഥമായ കവറും പ്രസാധനരീതികളും ആകർഷണീയമാക്കിയിട്ടുണ്ട്‌. 'പാതിവെന്ത പിക്സലുകൾക്കിടയിൽ: ജി.ബിജുവിന്റെ ആത്മകാവ്യചിത്രണം' എന്ന ഡോ.അജയശേഖറിന്റെ ആമുഖവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്‌. അതിൽ ഒരു ഭാഗം ഇങ്ങനെയാണ്‌. പ്രത്യക്ഷത്തിൽ അയഞ്ഞ തരത്തിൽ മാത്രം ബന്ധപ്പെടുന്ന നിരവധി ശിഥിലരചനകളുടെ സംഘാതമാകുന്നു ഈ ബഹുസ്വരമായ സംരചന: ഗ്രാഫിക്‌ ഡിസൈൻ പോലെ അടരുകളായി വികസിക്കുന്ന അനുഭവത്തിന്റെയും അനുഭൂതിയുടെയും ജീവിതാവബോധത്തിന്റെയും വാക്കുകളും വരകളും ബിംബാവലിയും നിറയുന്നതാണ്‌ ഫോട്ടോഷോപ്പിലൂടെ ആവിഷ്കൃതമാകുന്ന മൗലികമായ ആത്മകാവ്യചിത്രണം. കലയും ജീവിതവും സാങ്കേതികവിദ്യയും ഒന്നാകുകയും പരസ്പരം കലർന്ന് പുതിയകാലത്തിന്റെ ആശയപ്രകാശനവും ആവിഷ്ക്കാരവുമാകുന്ന അർത്ഥപൂർണ്ണമായ ഒരു സാംസ്കാരികമുഹൂർത്തമാണിത്‌. ഈ സമാഹാരത്തിലെ 'കാടിറങ്ങും മുമ്പ്‌' ശ്രദ്ധേയമായി തോന്നി. കാടിറങ്ങിയ മനുഷ്യന്റെ ദുരന്തപാത കവി കുറുക്കിയെടുത്തു. കവിതയാകമാനം സ്പന്ദനീയവും ഭാവനയെ ഉണർത്തുന്നതുമാണ്‌. അവസാനവരികൾ ഇങ്ങനെ;
കൂട്ടുകാരാ,
കാടിറങ്ങും മുമ്പിത്തിരി
കാട്ടുപച്ച നുള്ളിയെടുക്കുക,
കാട്ടുചോലയിൽ നാമൂരിയെറിഞ്ഞ
നഗരവേഗങ്ങൾ
തിരികെപ്പുതയ്ക്കുക.....


കുന്നിനപ്പുറം
കുരുതിക്കളങ്ങൾ
കാത്തിരിക്കുന്നു
നമ്മെ...

കവിത കിനിയുന്ന മനസ്സാണ്‌ ജി.ബിജുവിന്റേത്‌. അത്‌ മലയാള കവിതയുടെ നേട്ടങ്ങളായി വളർത്തുക. 'ദേ' എന്ന ബിജുവിന്റെ ആദ്യസമാഹാരവും ഫേബിയൻ ബുക്സ്‌ തന്നെയാണ്‌ പുറത്തിറക്കിയത്‌.



പൂണൂൽ കല്യാണം - സമകാലിക മലയാളം, ഏപ്രിൽ 13,2012


രവിവർമ്മ തമ്പുരാൻ


കോടതിക്ക്‌ ഒരു രീതിയുണ്ട്‌. അല്ലെങ്കിൽ കോടതിയെക്കുറിച്ച്‌ ഒരു പൊതുസങ്കൽപ്പം ഉണ്ട്‌. ആ സാമൂഹികസ്ഥാപനം അവകാശം നിഷേധിക്കപ്പെട്ടവരോടും പീഢിതരോടും ഒപ്പമാണ്‌ നിൽക്കേണ്ടത്‌. കലാകാരനും അങ്ങനെയാണ്‌. ആരാണ്‌ യഥാർത്ഥ ദളിതൻ എന്ന ചോദ്യം കേരളീയ സമൂഹത്തിലെങ്കിലും ഉയർന്നു വരേണ്ട കാലം വളരെ കഴിഞ്ഞിരിക്കുന്നു. ഈ പ്രശ്നത്തിലേക്കാണ്‌ 'പൂണൂൽ കല്യാണം' എന്ന കഥയിലൂടെ രവിവർമ്മ തമ്പുരാൻ ധീരമായി പ്രകാശം വീഴ്ത്തിയിരിക്കുന്നത്‌. ജാതിമഹത്വത്തിനപ്പുറം തൊഴിലിൽ നിന്നും ഭൂമിയിൽ നിന്നും പണത്തിൽ നിന്നും പുറത്താക്കപ്പെടുന്നവരെ കൂടി ഭരണകൂടം പരിഗണിക്കണമെന്നാണ്‌ കവിതയുടെ ധ്വനി. കേരളീയസമൂഹത്തിന്‌ ഈ സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാനൊന്നും ഇനി അധികകാലം കഴിയുമെന്ന് തോന്നുന്നില്ല. ബ്രാഹ്മണ സമുദായത്തിലെ പരമദരിദ്രനെയും ആദിവാസിയെയും കഥ കൊണ്ട്‌ കൂട്ടിമുട്ടിക്കുകയാണ്‌ കഥാകാരൻ. രണ്ടുകൂട്ടരുടെയും പ്രശ്നങ്ങളിലേക്ക്‌ ഭരണകൂടം ഉണരാൻ ഈ കഥ പ്രചോദനമാകേണ്ടതാണ്‌. ആദിവാസികളുടെ കൊടിയ ചൂഷണത്തിലേക്ക്‌ നേരത്തെ തന്നെ വർമ്മ കഥ കൊണ്ട്‌ നമ്മുടെ ശ്രദ്ധയെ ആകർഷിച്ചിരുന്നു. ആദിവാസിമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഗോത്രഭൂമി പത്രാധിപൻ രാജേന്ദ്രപ്രസാദും കഥാപാത്രമായിത്തന്നെ കഥയിൽ ഉണ്ട്‌. ബ്രാഹ്മണരുടെ പൂർവ്വകാല പ്രതാപവും വർത്തമാനകാല ദുരന്താവസ്ഥയും ഭാഷയുടെ രണ്ടുതലങ്ങൾ കൊണ്ടു തന്നെ കഥ അനുഭവിപ്പിക്കുന്നുണ്ട്‌.


കാമ്പസ്‌ കവിതകൾ


കെ.ബി.ശെൽവമണി

കെ.ബി.ശെൽവമണി സ്റ്റുഡന്റ്‌ മാസികയിൽ നമ്മുടെ കാമ്പസ്‌ കവിതകളെ വിലയിരുത്തിയത്‌ നന്നായി. തുടർന്നും ശെൽവൻ ഇതു ചെയ്യണമെന്ന് ആശിക്കുന്നു. കാരണം ഈ കുട്ടികളെ നാം ഒത്തിരി പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ഇവരുടെ കവിതകൾ ജനങ്ങളിലേക്ക്‌ പടരാതിരിക്കാൻ ഏതൊക്കെയോ കരങ്ങൾ തടയുന്നുണ്ട്‌. അതുകൊണ്ട്‌ ഈ യുവനിരൂപകന്റെ പ്രവൃത്തി സദ്പ്രവൃത്തി തന്നെ.

രാവുണ്ണിയുടെ ഉജ്ജ്വലമായ നിരീക്ഷണത്തോടെയാണ്‌ ലേഖനം തുടങ്ങിയിരിക്കുന്നതു തന്നെ. "കവിതയിൽ നിരാസങ്ങളും പ്രതിഷേധങ്ങളുമുണ്ട്‌. ഉയർത്തിപ്പിടിച്ച ഒരു കൊടി കവിതയ്ക്ക്‌ പകരം നിന്നെന്നും വരാം. സാമ്രാജ്യത്വത്തിന്റെ വിജയച്ചിരിയുടെ നേരെ മുന്തസർ സൈദി വലിച്ചെറിഞ്ഞ ചെരിപ്പുകൾ കവിതയുടെ തീപ്പന്തമാണ്‌."

കുട്ടികളുടെ കവിത പരിമിതികൾ വിളംബരം ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷ ഉണർത്തുന്നതു തന്നെയാണ്‌. പ്രണവ്‌.ബി യുടെ കവിത പുതിയ ഡിക്ഷൻ കുട്ടികൾ സ്വീകരിക്കുന്നതിന്റെ മഹിതമായ ഒരു മാതൃകയാണ്‌. കവിതയെഴുത്തിന്റെ പ്രതിസന്ധിയും ജീവിതത്തിന്റെ പ്രതിസന്ധിയും പ്രണവ്‌ കാണാതിരിക്കുന്നില്ല.

റിയാലിറ്റി ഷോയിൽ കവിതയെഴുതുന്ന
മത്സരാർത്ഥിയാണെൻ ഹൃദയം
മനസ്സിൽ മെമ്മറികാർഡ്‌
ഇൻസർട്ട്‌ ചെയ്യണം
ചെളിവാരിത്തേച്ച വികാരത്തെ
ബ്ലൂടൂത്തിലൂടെ കയറ്റണം
മൂന്നുവർഷത്തെ ലീവിനുശേഷം
ഭാവനയെ തിരിച്ചുവിളിക്കാൻ
മെസേജ്‌ അയക്കണം.



ദൈവത്തിന്റെ വെളിച്ചം - എസ്‌.ജോസഫ്‌ (മാതൃഭൂമി 22.04.12)



സ്ഥിരം കവിതാരചനാരീതി ഉപേക്ഷിക്കുന്നില്ലെങ്കിലും വ്യത്യസ്ഥമാനമുള്ള എസ്‌.ജോസഫിന്റെ കവിതയാണ്‌ 'ദൈവത്തിന്റെ വെളിച്ചം'. ദൈവത്തിന്റെ രാഷ്ട്രീയം എത്ര ശക്തമായാണ്‌ ഈ കവിത നമ്മുടെ ബോധത്തിൽ നിറയ്ക്കുന്നത്‌. ക്രാഫ്റ്റിൽ നിന്നും കവിതയെ എസ്‌.ജോസഫ്‌ പുറത്തുചാടിക്കുന്നു. മതവും പെണ്ണും കവിത സംവാദത്തിനു വിധേയമാക്കുന്നു. മികച്ച കവിതയാണിത്‌. ആ സംവാദം ഇവിടെയാണ്‌ പൂർണ്ണമാകുന്നത്‌.

എന്നാൽ ആ വെളിച്ചം മറ്റൊരാൾക്ക്‌
അവളെ കാണാനുള്ള വെളിച്ചം കൂടിയാണ്‌.



എല്ലാറ്റിന്റെയും പുതുക്കൽ



മലയാള മനോരമ പത്രത്തിൽ ഈസ്റ്ററിനെക്കുറിച്ച്‌ (ഏപ്രിൽ 8,2012 ഞായർ) കെ.ജി.ശങ്കരപ്പിള്ള എഴുതിയ ചെറിയ ലേഖനം എല്ലാവരും മനസ്സിരുത്തി വായിക്കണം. മതേതരത്വത്തിന്റെ ഭാഷയിൽ ഈസ്റ്റർ മാനവസന്ദേശമായി കെ.ജി.എസിന്റെ ഭാവനയിലൂടെ വിടരുകയാണ്‌. അതിൽ മതവും മതേതരത്വവും വിപ്ലവവും സൗന്ദര്യവും എല്ലാം കൂടിക്കലർന്ന് ഒന്നാവുകയാണ്‌. കവിതയുടെയും ഗദ്യത്തിന്റെയും മത്സരയോട്ടമാണത്‌. എല്ലാറ്റിന്റെയും പുതുക്കൽ പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്ക്‌ 'സംസ്കാരജാലക'ത്തിന്റെ അനുമോദനങ്ങൾ.

മതം ഭ്രാന്താവുകയും മതത്തിനുള്ളിലെ ജാതി അതിനേക്കാൾ വലിയ ഭ്രാന്താവുകയും അത്‌ വോട്ടാക്കി മാറ്റി ചൂഷണത്തിന്‌ അടിവരയിടുകയും ചെയ്യുന്നവർ ക്രിസ്തുയേശു മനുഷ്യരാശിയുടെ പൊതുസ്വത്താകുന്നതിന്റെയും ചൂഷണത്തിനെതിരെ ചമ്മട്ടി വീശുകയും ചെയ്യുന്നതിന്റെയും വഴികൾ സൂക്ഷ്മമായി തിരിച്ചറിയാൻ ഇനിയെങ്കിലും ശ്രമിക്കുക. കെ.ജി.എസ്‌ അതിന്റെ വഴികളാണ്‌ ഈ ഈസ്റ്റർ ദിനത്തിൽ തുറന്നു തരുന്നത്‌. "വെടിയേറ്റു നുറുങ്ങിയ ഒരസ്ഥികൂടമായി ബൊളിവിയയിലെ വില്ലിഗ്രാന്റിലോ/ സി.ഐ.എ യുടെ മാത്രം അറിവിലെ ഒരു കാൽവരിയിലോ വെറും ഒരുപിടി മൺ മറവിലൊതുങ്ങാതെ ചെഗുവേര എത്ര ലോകങ്ങളിൽ ഉയിർത്തെണീറ്റു എന്നറിയാത്തവരില്ല. ഒരു കഥയിൽ ഒരാളിൽ അവസാനിക്കുന്നില്ല മഹാബലി".




ഗിന്നസ്‌ പക്രു


ഗിന്നസ്‌ പക്രു


ഗിന്നസ്‌ പക്രു ബസേലിയോസ്‌ കോളേജിലെ ഞങ്ങളുടെ ശിഷ്യനായിരുന്നു. രണ്ടുവർഷം പ്രീഡിഗ്രിക്കും രണ്ടുവർഷം ഡിഗ്രിക്കും അജയകുമാർ എന്ന പക്രുവിനെ പഠിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. കെ.ടി.മുഹമ്മദിന്റെ സാക്ഷി എന്ന നാടകവും വള്ളത്തോളിന്റെ 'ശിഷ്യനും മകനും' സാഹിത്യലേഖനങ്ങളും മറ്റുപാഠങ്ങളും പക്രു ഉൾപ്പെട്ടിരുന്ന ബസേലിയോസിലെ ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന രംഗം ഇപ്പോഴും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. ക്ലാസ്സിലെ ഏറ്റവും മുമ്പിലത്തെ ഡെസ്കിനു മുകളിൽ ആദ്യഭാഗത്തു കയറ്റിയിരുത്തിയാണ്‌ പക്രുവിനെ ഞങ്ങൾ പഠിപ്പിച്ചിരുന്നത്‌. അന്നേ കലാരംഗത്ത്‌ ഏറ്റവും ശ്രദ്ധേയനായിരുന്നു. കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട്‌ എന്നിവ പക്രു അവതരിപ്പിച്ചിരുന്നതും ഓർക്കുന്നു. മുതിർന്ന പെൺകുട്ടികൾ ഒരു കുഞ്ഞിനെ എന്നപോലെ പക്രുവിനെ എടുത്തുകൊണ്ട്‌ ലാളിക്കുന്നത്‌ ഞങ്ങളിൽ വളരെ കൗതുകം ഉണർത്തിയിരുന്നു. ചലച്ചിത്രരംഗത്ത്‌ പക്രു വളർന്നു വരുന്നത്‌ കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്‌. ഈ ശിഷ്യനെ നേരിൽ കാണാൻ മനസ്‌ തുടിക്കുന്നു.


കപിൽ സിബലിന്റെ കവിത

കപിൽ സിബൽ

സിബലിന്റെ 57 കവിതകളുടെ സമാഹാരമായ 'മൈ വേൾഡ്‌ വിത്തിൻ' പുസ്തകമായി എന്ന വാർത്ത കണ്ടു. ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ട്‌ എഴുതിയ വിഘണ്ഡിത ഇടതുപക്ഷം എന്ന കവിതയെക്കുറിച്ച്‌ വായിച്ചു. ഇടതുപക്ഷം വിശാലമായി ലോകവീക്ഷണം വെച്ചുപുലർത്തുന്നില്ല എന്ന വിമർശനം കവിത ഉന്നയിച്ചിട്ടുണ്ട്‌ എന്നത്‌ മനസിലാക്കാൻ കഴിയുന്നു. ലോകത്തിൽ യാതന അനുഭവിക്കുന്നവരെയും കൊടിയ ചൂഷണത്തിനു വിധേയമാകുന്നവരെയും കാണാൻ ഇടതുപക്ഷത്തിന്‌ കഴിയുന്നതിനെ വിശാലവിചിന്തമല്ല എന്ന് എങ്ങനെ പറയാൻ കഴിയും ?

സ്വന്തം മൂക്കിനപ്പുറത്തേക്ക്‌ കാണാൻ കഴിയാത്തവരാണ്‌ ഇടതുപക്ഷം എന്ന ആശയം സത്യത്തിൽ നിന്നും എത്രയോ കാതം അകലെയാണ്‌ എന്ന് സിബലിനെപ്പോലെയുള്ളവർക്ക്‌ തിരിച്ചറിയാൻ കഴിയില്ല. മറ്റുള്ളവരുടെ വിയർപ്പിന്റെ ഗുണം കൊയ്യുന്നവരെല്ലാം വഞ്ചകരാണ്‌. തലയിൽ കിരീടമുണ്ടെന്നുവെച്ച്‌ അവർ മഹാന്മരല്ല എന്ന് റോബർട്ട്‌ ഇംഗർസോൾ പറഞ്ഞതിന്റെ അർത്ഥം കൂടി സിബൽ മനസ്സിലാക്കുക. പണശക്തിയുടെ വക്കാലത്ത്‌ എറ്റെടുക്കുന്നതുകൊണ്ടാണ്‌ വക്കീലായ ഈ മന്ത്രിയ്ക്ക്‌ ഇങ്ങനെയൊക്കെ കവിതയിൽ ചിന്തിക്കേണ്ടിവരുന്നത്‌. താൻ ജന്മനാ ഒരു കവിയല്ലെന്ന് സിബൽ തിരിച്ചറിഞ്ഞിരിക്കുന്നത്‌ ഏറ്റവും നല്ല വിവേകം തന്നെ!



മാർ ഒസ്താത്തിയോസ്‌ തിരുമേനി



മാർ ഓസ്താത്തിയോസ്‌ തിരുമേനി


ഓർത്തഡോക്സ്‌ സഭയിലെ മാർ ഓസ്താത്തിയോസ്‌ തിരുമേനി ക്രിസ്തുവിന്റെ യഥാർത്ഥ വഴി ആത്മാവിൽ സ്വാംശീകരിച്ച ബിഷപ്പായിരുന്നു. ക്രിസ്തു വിപ്ലവകാരിയായിരുന്നു എന്ന ചിന്ത കേരളത്തിൽ സംവാദത്തിനു വിധേയമായികൊണ്ടിരിക്കുന്ന കാലയളവിലാണ്‌ കാലം ചെയ്ത മാർ ഒസ്താത്തിയോസ്‌ തിരുമേനിയുടെ ജീവിതത്തിനും ദർശനത്തിനും മാറ്റ്‌ കൂടുന്നത്‌. ഓർത്തഡോക്സ്‌ സഭയിലെ ഗ്രിഗോറിയോസ്‌ തിരുമേനി ചിന്താലോകത്ത്‌ ഒരു മിന്നൽപ്പിണരായിരുന്നുവെങ്കിൽ ലളിതജീവിതം കൊണ്ടും യഥാർത്ഥ ക്രിസ്തുപാതയിൽ സഞ്ചരിച്ചുകൊണ്ടും ഒസ്താത്തിയോസ്‌ തിരുമേനി ഒരു ബിഷപ്പ്‌ എങ്ങനെയാകണം എന്ന് ലോകത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു. It is very difficult to be a Bishop  എന്ന ചിന്തയെ സ്വന്തം ജീവിതം കൊണ്ട്‌ വെല്ലുവിളിച്ച കാലം ചെയ്ത മാർ ഒസ്താത്തിയോസ്‌ തിരുമേനിക്ക്‌ 'സംസ്കാരജാലകം' പ്രണാമം അർപ്പിക്കുന്നു.

"അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും നിലവിളി ശ്രദ്ധിക്കാതെ സാമൂഹിക വഞ്ചനയിലൂടെ സമ്പത്തെല്ലാം സ്വരുക്കൂട്ടുന്നവർ രക്തനിലത്തിന്റെ മുതലാളിമാരാണ്‌. അവർക്ക്‌ നേരേ ദൈവം നീതിയുടെ തൂക്കുകട്ട പിടിക്കും എന്ന് ഒരു വൈദികൻ പ്രഖ്യാപിച്ചപ്പോൾ പ്രമുഖരായ ചിലർ ശത്രുക്കളാകുകയും മറ്റു ചിലർ മനം മാറി നീതിയുടെ മാർഗ്ഗം അവലംബിക്കുകയും ചെയ്തു."


ശ്രദ്ധേയമായ മൂന്നു നിരീക്ഷണങ്ങൾ



1. "ഭാഷാപോഷിണിയുടെ ഫെബ്രുവരി ലക്കത്തിൽ പവിത്രൻ തീക്കുനിയുടെ 'ആക്സിഡന്റ്‌'എന്ന കവിത ആശയപരമായി സാഹിത്യവിരുദ്ധമാണ്‌ എന്നറിയാൻ പുനർവായനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഉത്തരാധുനികതയുടെ എട്ടാമത്തെ ഹെയർപിൻ വളവിൽ നോവലും കവിതയും കൂട്ടിമുട്ടി ഡ്രൈവർ ഒഴികെ നോവലിലുള്ളവരെല്ലാം സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. നിരൂപണാശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയായിരുന്നു ഡ്രൈവറുടെ അന്ത്യം".

2. "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (89.49) മനോജ്‌ ജാതവേദർ രചിച്ച 'രാമരാജ്യം' പ്രമേയഗൗരവം കൊണ്ടും ആഖ്യാനഭാഷയിൽച്ചേർത്ത നിരീക്ഷണപ്പുതുമ കൊണ്ടും ശ്രദ്ധിക്കപ്പെട്ട കഥയാണ്‌. റിയൽ എസ്റ്റേറ്റ്‌ ബിസിനസുകാരും ബ്രോക്കർമാരും സമൂഹത്തെ നിയന്ത്രിക്കുന്നത്‌ വേദനയോടെ നോക്കിനിൽക്കേണ്ടി വരുന്ന സാധാരണ മലയാളിയുടെ ജീവിതദുരന്തമാണ്‌ ഈ കഥയിലെ പ്രമേയം."

3. "സുസ്മേഷ്‌ ചന്ദ്രോത്ത്‌ മാതൃഭൂമിയിൽ എഴുതിയ ഇടത്‌-വലത്‌ പാർശ്വം (89.47) എന്ന കഥ പേരിൽ നിന്നു തന്നെ വ്യക്തമാകുന്ന പ്രമേയമാകുന്നു. പ്രസ്തുത പ്രമേയത്തെ വളരെ മോശമായി സാഹിത്യത്തിൽ ആവിഷ്ക്കരിക്കാൻ ഇനിയാർക്കും ഈ കഥ അവസരം തരില്ല."

(മനോജ്‌ കുമാർ കൊയ്യം, പ്ലാവില മാസിക, മാർച്ച്‌ 2012)



സമാന്തരപ്രസിദ്ധീകരണങ്ങളുടെ കടയ്ക്കൽ സർക്കാർ കത്തിവെക്കരുത്‌


ചെന്താപ്പൂര്‌

'സമാന്തരപ്രസിദ്ധീകരണങ്ങളെ കൊല്ലരുത്‌' എന്ന ഗ്രാമം മാസികയുടെ എഡിറ്റോറിയൽ ശ്രദ്ധേയമായി. പത്രാധിപർ മണി.കെ.ചെന്താപ്പൂരിന്‌ അഭിനന്ദനങ്ങൾ. സമാന്തര പ്രസിദ്ധീകരണങ്ങളുടെ സാമൂഹികദൗത്യം തന്നെയാവാം കേന്ദ്രസർക്കാരിനെക്കൊണ്ട്‌ ഇത്‌ ചെയ്യിക്കുന്നത്‌ എന്നാണ്‌ 'സംസ്കാരജാലക'ത്തിന്റെ നിരീക്ഷണം. ബ്ലോഗെഴുത്തുകൾക്ക്‌ നേരയാവും അടുത്ത കത്തി ഉയരാൻ പോകുന്നത്‌. അത്‌ തുടങ്ങിക്കഴിഞ്ഞു. സാമൂഹികവും സാംസ്കാരികവുമായ ബോധമില്ലായ്മ ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിമാരെയാകും രൂപപ്പെടുത്തുന്നത്‌. മനുഷ്യനിൽ നിന്ന് മനുഷ്യത്വം അകന്നു പോകുന്ന ദുഷിച്ച കാലത്ത്‌ മനുഷ്യബന്ധങ്ങളും സാഹോദര്യവും സാംസ്കാരികബോധവും വളർത്തുന്നതിൽ സമാന്തരപ്രസിദ്ധീകരണങ്ങൾ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്‌. ഈ മൂല്യങ്ങളൊന്നും വളർത്തേണ്ടതില്ല എന്നതാണ്‌ ലാഭകേന്ദ്രിത മുതലാളിത്തത്തിന്റേതായ ഇക്കാലത്തിന്റെ അജൻഡ എന്ന കാര്യവും മണി.കെ.ചെന്താപ്പൂര്‌ തിരിച്ചറിയണം.


O


PHONE : 9895734218



3 comments:

  1. മനോഹരമായ വിലയിരുത്തലുകള്‍ . ഇതിലെ കാന്‍സര്‍ വാര്‍ഡ്, ഫോട്ടോഷോപ്പില്‍ ഒരു ആത്മകഥ, എറണാകുളം സൌത്ത് എന്നിവ പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങളൊടെ നല്‍കാമെങ്കില്‍ പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗില്‍ ഉള്‍പ്പെടുത്താമായിരുന്നു. വിരോധമില്ലെങ്കില്‍ അറിയിക്കുക.

    ReplyDelete
  2. ഇതൊക്കെ ഓരോ പോസ്റ്റുകൾ ആയി ഇട്ടുകൂടെ

    ReplyDelete
  3. hi nidhi,
    good going.
    keep it up.
    wish u a god speed.

    ReplyDelete

Leave your comment