യാത്ര
രാജേഷ് കടമാൻചിറ
ഭ്രാന്തമായി മോഹിപ്പിക്കുന്ന പച്ചിലച്ചാർത്തുകളും അപൂർവ്വജീവജാലങ്ങളും നിറഞ്ഞ, വ്യത്യസ്തമായ ആവാസവ്യവസ്ഥകളാൽ സമ്പന്നമായ പ്രകൃതിയുടെ പറുദീസ - സൈലന്റ്‌വാലി എന്ന 'നിശ്ശബ്ദതയുടെ താഴ്‌വര' നമ്മിലേക്കിട്ടു തരുന്ന ഒരു മുഴക്കമുണ്ട്. പ്രകൃതിക്ക് വേണ്ടി മനുഷ്യൻ നടത്തിയ പോരാട്ടത്തിന്റെ മുഴക്കം.
5 കോടിയിലേറെ വർഷം പഴക്കമുള്ള സൈലന്റ്‌വാലിയെക്കുറിച്ച് 1847 മുതലാണ് അറിയപ്പെട്ടു തുടങ്ങിയത്. എന്നാൽ അമൂല്യമായ ജനിതകവൈവിധ്യത്താൽ സമ്പന്നമായ ഈ മഴക്കാടുകളിലേക്ക് ബാഹ്യലോകത്തിന്റെ ശ്രദ്ധയെത്തുന്നത് 1970 നോട് കൂടിയാണ്. ഈ താഴ്‌വരയെ തകർത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിക്കാനുള്ള നീക്കമാണ് സൈലന്റ്‌വാലിയെ അന്താരാഷ്ട്രശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും നാൾവഴികളിലൂടെ വീണ്ടെടുക്കപ്പെട്ട വനമേഖലയുടെ ചരിത്രം ഇവിടെ പച്ചപ്പണിഞ്ഞു കിടക്കുന്നു.
സൈലന്റ്‌വാലിയോട് ഏറ്റവും അടുത്തുള്ള പട്ടണം മണ്ണാർക്കാടാണ്. മണ്ണാർക്കാട് നിന്നും റോഡുമാർഗ്ഗം 19 കിലോമീറ്റർ സഞ്ചരിച്ചാൽ മുക്കാലി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചേരാം. സന്ദർശകരുടെ വാഹനങ്ങൾക്ക് പ്രവേശനം ഇവിടെവരെ മാത്രം. ദേശീയോദ്യാനത്തിലേക്ക് കടക്കുന്നതിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ തുടർന്നുള്ള യാത്ര, ഇക്കോ ഡവലപ്പ്‌മന്റ് കമ്മറ്റി (EDC)യുടെ ജീപ്പിലാണ്. മുൻകൂട്ടിയുള്ള അനുവാദപ്രകാരം ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റാണ് പ്രവേശനാനുമതിയും യാത്രാസൗകര്യവും നൽകുന്നത്. എൻട്രി ഫീസും യാത്രാക്കൂലിയും ഫോറസ്റ്റ് ഓഫീസിൽ അടച്ചാൽ മതി. അഞ്ചുമണിക്കൂറാണ് യാത്രയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം. പരമാവധി 8 പേർക്കാണ് ഒരു ജീപ്പിൽ യാത്രചെയ്യാൻ കഴിയുക. കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നുവെങ്കിലും മൂന്നാമത്തെ ടേണിലാണ് വാഹനം തരപ്പെട്ടത്.
മുക്കാലി ഫോറസ്റ്റ് ഓഫീസിൽ നിന്നും അധികം ദൂരെയല്ലാത്ത ആനവായ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് ജീപ്പ്, പ്ലാന്റേഷനിലേക്ക് പ്രവേശിച്ചു. കുരുമുളകും കാപ്പിയും മറ്റു തോട്ടവിളകളും നിറഞ്ഞു നിൽക്കുന്ന ഈ പ്ലാന്റേഷൻ, ആദിവാസികൾക്കായി സർക്കാർ രൂപീകരിച്ചതാണ്. കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഉയരങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ താഴ്‌വാരത്തെ ആദിവാസിഭവനങ്ങൾ പൊട്ടുകൾ പോലെ കാണാം. പാതയോരത്ത് വാഹനം നിർത്തി, താഴ്‌വരയുടെ മനോഹാരിതയിലേക്ക് കണ്ണുകളയക്കുമ്പോൾ ജൈവസമ്പന്നതയിൽ, മടക്കുകളായി വീണുകിടക്കുന്ന പ്രകൃതിയുടെ ചേതോഹരമായ കാഴ്ച. സമുദ്രനിരപ്പിൽ നിന്നും ആയിരത്തോളം മീറ്റർ ഉയരമുള്ള പീഠഭൂമിയിൽ ചെങ്കുത്തായ മലയിടുക്കുകളും അടിവാരങ്ങളുമായി നിബിഡമായ സൈലന്റ്‌വാലി, കാനനഗന്ധമുതിർത്തുകൊണ്ട് നിശ്ശബ്ദതയെ ഗർഭം ധരിച്ചു കിടന്നു.
പാതയോരത്തെ വൈദ്യുതവേലികൾ പലയിടത്തും തകർന്നുകിടക്കുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ സൂചിപ്പിക്കുന്ന കാവ്യശകലങ്ങൾ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ഫലകങ്ങൾ പലയിടത്തും കാണാം. സൈലന്റ്‌വാലി നാഷണൽ പാർക്കിന്റെ കവാടത്തിലെത്തി വണ്ടി നിൽക്കുമ്പോൾ സലിം അലി പകർത്തിയ ഒരു ചിത്രം മനസിൽ മിന്നിമറഞ്ഞു. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാട്ടുപാതയിലൂടെ വണ്ടി നീങ്ങുമ്പോൾ, കാട്ടുപാതയുടെ ഓരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മൈൽക്കുറ്റികളിൽ 'സൈരന്ധ്രി' എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടു.
'സൈരന്ധ്രി'യെന്നാൽ പാഞ്ചാലിയാണ്. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ വരുകയും മനോഹരമായ ഈ താഴ്‌വര കണ്ട്, കുറച്ചുകാലം ഇവിടെ വസിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. ആനയും കടുവയും മറ്റ് കാട്ടുമൃഗങ്ങളും യഥേഷ്ടം വന്ന് ദാഹശമനം നടത്തിയിരുന്ന പുഴയുടെ തീരമാണ് അവർ താമസത്തിനായി തിരഞ്ഞെടുത്തത്. ഈ പുഴയാണ് 'കുന്തിപ്പുഴ' എന്ന പേരിൽ ഇപ്പോഴും അറിയപ്പെടുന്നത്. ഈ വനഭൂമിയെ നനച്ചുകൊണ്ടൊഴുകുന്ന ഏകനദിയാണ് കുന്തിപ്പുഴ.
സൈരന്ധ്രിവനം എന്ന പേരിൽ നിന്നാണ് 'സൈലന്റ് വാലി' എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്ന് ചില അഭിപ്രായങ്ങളുണ്ട്. എന്നാൽ ചീവീടുകളുടെ അഭാവത്താൽ സൃഷ്ടിക്കപ്പെട്ട നിശ്ശബ്ദതയെ മുൻനിർത്തിയാണ് സൈലന്റ്‌വാലിക്ക് ആ പേരുണ്ടായതെന്ന വാദത്തിനാണ് പ്രാമുഖ്യം. നിശ്ശബ്ദവനത്തിന്റെ സ്ഥാനികജീവിയും വംശനാശഭീഷണി നേരിടുന്ന ജീവവർഗ്ഗവുമായ സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രീയ നാമമായ Macaca Silenus നും സ്ഥലനാമവുമായി ബന്ധമുള്ളതായി രേഖപ്പെടുത്തലുകളുണ്ട്. ഇങ്ങനെയൊക്കെയെങ്കിലും പല പല തരത്തിലുള്ള പക്ഷികളും പ്രാണികളും മൃഗങ്ങളും ഒക്കെ ചേർന്ന് ഇവിടം ശബ്ദമുഖരിതമായി നിലനിർത്തിയിരിക്കുന്നു. സൈരന്ധ്രിയുടെ നിറുകയിലായി യാത്രയുടെ ഒന്നാംപാദം അവസാനിച്ചു.
നീലഗിരി ജൈവമേഖലയുടെ ഹൃദയഭാഗമായ സൈരന്ധ്രിവനത്തിന് 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. സൈലന്റ്‌വാലി നാഷണൽ പാർക്കിന്റെ കിഴക്കൻഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽപ്രദേശമായതിനാൽ അവിടെ മഴ കുറവാണ്. തിരിച്ചറിയപ്പെട്ട ആയിരക്കണക്കായ ജീവജാലങ്ങൾ കൂടാതെ തിരിച്ചറിയപ്പെടാത്തവയായി അനേകമനേകം ജീവികളും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുക്കൂട്ടൽ. സിംഹവാലൻ കുരങ്ങ്, അരയൻ പൂച്ച, തവിടൻ വെരുക്, പാറാൻ, നീലഗിരി തേവാങ്ക്, കേഴ, കൂരമാൻ, കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ തുടങ്ങി അനവധി ജനുസ്സിലുള്ള മൃഗങ്ങളും പക്ഷികളും തീർക്കുന്ന അത്ഭുതലോകമാണ് ഇവിടം. ഓരോ വർഷവും ഏറ്റവും കുറഞ്ഞത് ഒരു പുതിയ ചെടിയെങ്കിലും കണ്ടെത്തപ്പെടുന്നുണ്ട് എന്നത് ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നു. ഇരുളർ, മുകുടർ, കുറുമ്പർ മുതലായവരാണ് ഈ പ്രദേശത്ത് അധിവസിക്കുന്ന പ്രധാന ജനസമൂഹങ്ങൾ.
കുന്നിൻനിറുകയിലെ 30 മീറ്റർ ഉയരമുള്ള വാച്ച് ടവർ ഒരു പ്രധാന ആകർഷണമാണ്. ടവറിന് സമീപത്തായി 1985 ൽ രാജീവ് ഗാന്ധി സൈലന്റ്‌വാലി പാർക്ക് ഉദ്ഘാടനം ചെയ്തതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ഫലകം കാണാം. ഒരേ സമയം 12 പേർക്കാണ് ടവറിൽ പ്രവേശനം. ടവറിന്റെ മുകളിൽ നിന്ന് നോക്കിയാൽ വിശാലമായ താഴ്‌വാരത്തിന്റെ അതിമനോഹരമായ ദൃശ്യഭംഗി ആസ്വദിക്കാം. ഇനിയങ്ങോട്ട് കാൽനടയായുള്ള യാത്രയാണ്. 3 കിലോമീറ്ററിനപ്പുറം കുന്തിപ്പുഴയുണ്ട്.
പ്രകൃതിയുടെ വരദാനമായി ഒഴുകുന്ന കുന്തിപ്പുഴ, ഭാരതപ്പുഴയുടെ പ്രധാനപ്പെട്ട പോഷകനദികളിൽ ഒന്നാണ്. കുന്തിപ്പുഴയിലെ 'പാത്രക്കടവ്' ഭാഗത്ത് അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ മുതലാണ് സൈലന്റ്‌വാലി ലോകശ്രദ്ധയാകർഷിച്ചത്. ഹെക്ടറുകളോളം മഴക്കാടുകൾ വെള്ളത്തിനടിയിലാകുമെന്നും സൈലന്റ്‌വാലിയുടെ അനന്യവും അമൂല്യവുമായ ജൈവസമ്പത്ത് എന്നന്നേക്കുമായി ഇല്ലാതാകുമെന്നുമുള്ള ഭീഷണി മുന്നിൽ കണ്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകരുടെയും പ്രകൃതിസ്നേഹികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമാണ് ഈ പദ്ധതിക്കെതിരായി രൂപപ്പെട്ടത്. 1984 ൽ സൈലന്റ്‌വാലിയുടെ പ്രത്യേകതകൾ മനസ്സിലാക്കി, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ജലവൈദ്യുതപദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിച്ചു. 1985 സെപ്റ്റംബർ 7 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനായി സമർപ്പിച്ചു.
സൈലന്റ്‌വാലി വനമേഖലയിൽ അണക്കെട്ട് പണിയുന്നതിനെതിരെയുള്ള പ്രക്ഷോഭം തകർക്കാൻ, കേരളം ഭരിച്ച വിവിധ സർക്കാരുകൾ പരസ്പരം മത്സരിച്ചു. പ്രകൃതിസ്നേഹികളും സമർപ്പണമനോഭാവമുള്ളവരുമായ ഒരുപിടി മനുഷ്യരുടെ കൈകോർത്തുനിന്നുള്ള ചെറുത്തുനിൽപ്പാണ് ഈ താഴ്‌വരയെ രക്ഷിച്ചത്. ഈ സമരത്തെ ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കെത്തിച്ചതിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് വഹിച്ച പങ്ക് വളരെ വലുതാണ്. എൻ.വി.കൃഷ്ണവാര്യർ, സുഗതകുമാരി, ഒ.എൻ.വി, വൈലോപ്പിള്ളി, അഴീക്കോട് തുടങ്ങി സാഹിത്യലോകത്തും സാംസ്കാരികലോകത്തുമുള്ള ഒട്ടനവധിപേർ ഈ സമരത്തിൽ പങ്കുചേർന്നു പ്രവർത്തിച്ചു. അങ്ങനെ ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ സൂചകമായിത്തീർന്നു, സൈലന്റ്‌വാലി.
വനപാലകരുടെ കർശനനിർദ്ദേശങ്ങൾ ശ്രവിച്ചുകൊണ്ടാണ് കുന്തിപ്പുഴയുടെ തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്. പരിസ്ഥിതിയെ അലോസരപ്പെടുത്തുന്ന ഒരു നീക്കവും സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പുകൾ. ഇടതൂർന്ന വനവും ഈറ്റക്കാടുകളും കുറ്റിച്ചെടികളും നിറഞ്ഞ സൈരന്ധ്രിയുടെ ഭംഗി നുകർന്ന് നടക്കുമ്പോൾ, ഉള്ളിൽ ഒരു സിംഫണി വന്നു നിറഞ്ഞു. കാട്ടുപാതയുടെ അരികിലായി 'കുന്തി റിവർ' എന്ന ബോർഡ് വീണുകിടക്കുന്നു. പുഴയുടെ ഒഴുക്കിന്റെ താളം കാതുകളിൽ വന്നലച്ചു. പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തൂക്കുപാലത്തിലൂടെ ഉൾവനത്തിലേക്ക് പ്രവേശിക്കാം. എന്നാൽ സന്ദർശകർക്കുള്ള പ്രവേശനാനുമതി തൂക്കുപാലം അവസാനിക്കുന്നിടം വരെ മാത്രം. ഈ തൂക്കുപാലത്തിന്റെ സ്ഥാനത്തായിരുന്നു പണ്ട് വൈദ്യുതി ഉൾപ്പാദനത്തിനു വേണ്ടി അണക്കെട്ട് നിർമ്മിക്കാൻ KSEB പദ്ധതിയിട്ടിരുന്നത്. ആ പദ്ധതി യാഥാർത്ഥ്യമായിരുന്നെങ്കിൽ കുന്തിപുഴയുടെ നീരൊഴുക്ക് ഇവിടം കൊണ്ടവസാനിക്കുമായിരുന്നു. മഴക്കാടുകൾ ഒന്നാകെ വെള്ളത്തിൽ മുങ്ങുമായിരുന്നു.
മടക്കയാത്രയ്ക്കായി വീണ്ടും സൈരന്ധ്രിയുടെ മുകളിലേക്ക്. അഞ്ചുമണിക്കൂർ നീണ്ടു നിന്ന യാത്ര അവസാനിക്കുമ്പോൾ സൈരന്ധ്രിവനവും താഴ്‌വാരങ്ങളും ചേർന്നു നിറച്ച മുഴക്കം ഹൃദയത്തോളം നിറഞ്ഞു. പേരറിയാത്ത നിരവധി വൃക്ഷങ്ങളും ചെടികളും പ്രാണികളും പക്ഷികളും മറ്റു ജീവജാലങ്ങളും നേർത്ത സംഗീതത്താൽ യാത്രാമൊഴിയേകുമ്പോൾ, പോരാട്ടത്തിന്റെയും വീണ്ടെടുക്കലിന്റെയും സ്മരണകൾ നെഞ്ചിലേറ്റി, കുന്തിപ്പുഴ തെളിനീരുമായി നിളയെ ലക്ഷ്യമാക്കി ഒഴുകി.
ഈ നിത്യഹരിത വനമേഖല എല്ലാ സമ്പന്നതയോടും ജൈവവൈവിധ്യങ്ങളോടും കൂടി എന്നെന്നും നിലനിൽക്കുവാനായി പ്രാർത്ഥിക്കുമ്പോൾ, ഏതോ വെടിപ്ലാവിന്റെ ചില്ലയിൽ നിന്നുയർന്ന സിംഹവാലൻ കുരങ്ങിന്റെ ശബ്ദം ഇലച്ചാർത്തുകളെ തഴുകി, താഴ്‌വരയുടെ നിശ്ശബ്ദതയ്ക്കു മുകളിലൂടെ അലയടിച്ചു.
ഈ നിത്യഹരിത വനമേഖല എല്ലാ സമ്പന്നതയോടും ജൈവവൈവിധ്യങ്ങളോടും കൂടി എന്നെന്നും നിലനിൽക്കുവാനായി പ്രാർത്ഥിക്കുമ്പോൾ, ഏതോ വെടിപ്ലാവിന്റെ ചില്ലയിൽ നിന്നുയർന്ന സിംഹവാലൻ കുരങ്ങിന്റെ ശബ്ദം ഇലച്ചാർത്തുകളെ തഴുകി, താഴ്‌വരയുടെ നിശ്ശബ്ദതയ്ക്കു മുകളിലൂടെ അലയടിച്ചു.
O
PHOTOS - ANEESH SASIDEVAN
PHONE : 09846136524
നല്ല വിവരണം
ReplyDeleteചിത്രങ്ങൾ ഇഷ്ടായി
ആ നിശ്ശബ്ദ താഴ്വരയിലൂടെ ഒരു യാത്ര പോയ പ്രതീതി. ഈ തെറ്റുകൾ കൂടി തിരുത്തിയാലോ?
ReplyDeleteവ്യതി+അസ്തം=വ്യത്യസ്തം (വ്യത്യസ്ഥം തെറ്റ്)
നിസ്+ശബ്ദത=നിശ്ശബ്ദത (നിശബ്ദത തെറ്റ്)
തരിക-തെറ്റ്, തരുക-ശരി
ഭാരതപുഴ-തെറ്റ്, ഭാരതപ്പുഴ-ശരി
ഒരു നീക്കങ്ങളും-തെറ്റ്, ഒരു നീക്കവും-ശരി
വളരെ നന്ദി ശ്രീ.അർജ്ജുനൻ.
Deleteപോവണം എന്നെങ്കിലും
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleterajesh you are good......
ReplyDeleteIts good.....
ReplyDelete