കവിത
സുധീർ രാജ്
കോളേജ് ലൈബ്രറി
കെട്ടിടത്തിനു പിന്നിലെ
ഡ്രാക്കുളാ കോട്ട എന്ന
ഞങ്ങളുടെ താവളത്തിന്
മുന്നിലിട്ടാണ് രഘുവിനെ വെട്ടിയത്.
വിപ്ലവവും പ്രതിവിപ്ലവവും
അതിലൂടെ വരുമെന്ന്
ആരും പറഞ്ഞു തന്നില്ല.
പകരം ഇലക്ഷൻ തകർക്കുക
എന്നതായിരുന്നു അജണ്ട.
കൊല്ലരുത് എന്ന നിർദ്ദേശം
അക്ഷരംപ്രതി പാലിച്ചു.
വടിവാൾ തൂവാലയിൽ തുടച്ച്
ഇടുപ്പിൽ താഴ്ത്തി
പള്ളാത്തുരുത്തി ഷാപ്പിലേക്ക്.
അവിടെ സ്ഥിരം വരച്ചിട്ട
അരിവാൾ ചുറ്റിക നക്ഷത്രത്തിന്
കീഴെ കപ്പയും കള്ളും.
ഫൈസലിനെയും അജിത്തിനെയും
വെട്ടുമ്പോഴും പ്രത്യയശാസ്ത്രം ഓർത്തില്ല.
തിരിച്ച് അറവുകാട്ടമ്പലത്തിൽ വെച്ച്
ജോൺസൺ എന്റെ ഉടലിൽ
ശസ്ത്രക്രിയ നടത്തിയപ്പോഴാണ്
വിപ്ലവത്തിന്റെ കിടപ്പ് മനസ്സിലായത്.
ആശുപത്രിയിൽ കിടന്ന്
ഓറഞ്ചു തിന്നുക എന്നത്
വലിയ ആഗ്രഹമായിരുന്നു.
പക്ഷെ അമ്മ ഓറഞ്ചു
കൊണ്ടുവന്നില്ല.
പകരം അപ്പന്റെ ചുവന്ന
പുറംചട്ടയുള്ള ഡയറി
തലയണക്കീഴിൽ വെച്ച്
കണ്ണുതുടച്ച് കടന്നുപോയി.
പച്ചമഷിയിൽ
മനോഹരമായ കൈപ്പടയിൽ
എഴുതിയ വരികളിൽ
ചോരയും അമ്മയുടെ കണ്ണീരും
ഉണങ്ങിപ്പിടിച്ചിരുന്നു.
വിപ്ലവം വെഞ്ചെരിച്ച
യൗവനത്തിൻ കുമ്പസാരക്കൂട്ടിൽ
കർത്താവും കാറൽ മാർക്സും
അപ്പനും റമ്മി കളിക്കുന്നത്
ജ്വരമൂർച്ഛയിൽ ഞാൻ കാണുകയാണ്.
ഇപ്പോൾ ഞാൻ ഓറഞ്ചുകളെ ഭയക്കുന്നു.
O
PHONE : 09605357933
സുധീര്‍ ...വായിച്ചു ...മനോഹരം പതിവ് പോലെ
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteവളരെയധികം ഇഷ്ട്ടപ്പെട്ടു
ReplyDeleteഅറിയാവുന്ന സ്ഥലങ്ങള്‍ ,എസ.ഡി കോളേജില്‍ നിന്ന് പോയി വരാന്‍ പറ്റുന്ന സ്ഥലങ്ങള്‍ ,,ഉം എന്തായാലും കവിത ഇഷ്ടായി ,,അഭിനന്ദനങ്ങള്‍
ReplyDeletethanks my friends..sudheer
ReplyDeleteനൈസ്
ReplyDelete