Saturday, May 19, 2012

അധ്യാപകരോട്‌ - ക്ഷമാപണപൂർവ്വം

ലേഖനം
എം.ബി.പിള്ള












            കേരളത്തിലെ വിദ്യാഭ്യാസനിലവാരം അവിശ്വസനീയമാംവിധം തകർന്നിരിക്കുന്നു. ഇംഗ്ലീഷ്‌, മലയാളം ഭാഷകളുടെ കാര്യത്തിലാണ്‌ ഏറ്റവും വലിയ നിലവാരത്തകർച്ച. വാഹനാപകടത്തിൽപ്പെട്ടു ചതഞ്ഞരഞ്ഞ മൃതദേഹം പോലെ, തിരിച്ചറിയാൻ പറ്റാത്തവിധം വികൃതമാക്കപ്പെട്ടിരിക്കുന്നു. രണ്ടുഭാഷകളിലും ഉച്ചാരണവൈകല്യം, അക്ഷരത്തെറ്റ്‌, വ്യാകരണപ്പിശക്‌ മുതലായവ ഇന്ന്‌ സർവ്വസാധാരണമായിരിക്കുന്നു.. പ്ലസ്ടൂ പരീക്ഷ നല്ല മാർക്കോടെ വിജയിച്ച കുട്ടി Five എന്നതിന്‌ Faiwe എന്ന്‌ സ്പെല്ലിംഗ്‌ എഴുതിയ വാർത്ത ഒരു ദിനപത്രത്തിൽ വന്നതാണ്‌. Clas, Toung, Not Book, Vennasday, Gramer, strick, Pleese  എന്നൊക്കെ പ്ലസ്ടൂ, ഡിഗ്രി വിദ്യാർത്ഥികൾ എഴുതുന്നത്‌  അടുത്തകാലത്ത്‌ സർവ്വസാധാരണം. പതിവൃത, ആനപുറത്തുകയറി, ആദരാജ്ഞലി, പീഢനം, മലയാളബാഷ, പ്രതിക്ഷേധം, ബീക്ഷണി എന്നിങ്ങനെ പോകുന്നു, മലയാളത്തിലെ അക്ഷരത്തെറ്റുകൾ. പതിവൃത എന്നാൽ ഭർത്താക്കന്മാരാൽ ചുറ്റപ്പെട്ടവൾ എന്നാണ്‌ അർത്ഥം! അനപ്പുറത്തു മനുഷ്യൻ കയറുന്നതിനു പകരം ആന മനുഷ്യന്റെ പുറത്തു കയറിയാലുള്ള അവസ്ഥയെക്കുറിച്ച്‌ ആലോചിക്കാൻ പോലും വയ്യ. പാഠപുസ്തകങ്ങളിലും ചോദ്യക്കടലാസുകളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലുമെല്ലാം തെറ്റുകളുടെ ഘോഷയാത്രയാണ്‌. ഭാഷാശുദ്ധിയുടെ കാര്യത്തിൽ ആർക്കും യാതൊരു താൽപര്യവുമില്ലാത്ത അവസ്ഥ. ഇത്‌ അത്യന്തം അപകടകരമാണ്‌. പുതിയ തലമുറയെ മാത്രമല്ല, വരും തലമുറകളെപ്പോലും വഴിതെറ്റിക്കുന്ന അതീവഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നതാണിത്‌.



അധ്യാപനത്തിലെ നിലവാരത്തകർച്ചയാണ്‌ ഈ ദുരവസ്ഥയ്ക്ക്‌ മുഖ്യകാരണം എന്നു പറയേണ്ടി വന്നതിൽ ഖേദമുണ്ട്‌. ഇന്നത്തെ വിദ്യാർത്ഥിയാണല്ലോ നാളത്തെ അധ്യാപകൻ. ഇന്ന്‌ പ്രവേശനത്തിനും ഉദ്യോഗത്തിനുമുള്ള പ്രധാന മാനദണ്ഡം പണമാണല്ലോ. ബാഹ്യമായ മറ്റു പല പരിഗണനകളും. മെറിറ്റ്‌ ഒരു പ്രശ്നമേയല്ല. അതിന്റെ ദുരന്തഫലമാണ്‌ നാം ഇന്ന്‌ അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. 'വായപ്പയം', 'പയങ്കഞ്ഞി' എന്നൊക്കെയുള്ള കുട്ടികളുടെ തെറ്റായ ഉച്ചാരണം കേട്ട്‌ ദേഷ്യത്തോടെ തന്നെ നോക്കിയ എ.ഇ.ഒ- യോട്‌  'എന്തുപറയാനാ ഇവിടത്തെ തയക്കവും പയക്കവും ഇതാണ്‌' എന്നു പറഞ്ഞ അധ്യാപികയെയാണ്‌ ഇത്തരുണത്തിൽ ഓർമ്മ വരിക. മൂന്ന്‌ പതിറ്റാണ്ടിലധികം കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുള്ള, നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളം അധ്യാപിക മലയാള 'ഫാഷ' എന്നാവർത്തിച്ചു പറയുന്നത്‌ കേൾക്കാനുള്ള ദൗർഭാഗ്യം ഉണ്ടായിട്ടുണ്ട്‌.



തങ്ങൾക്ക്‌ അറിയാൻ പാടില്ലാത്ത പല പാഠഭാഗങ്ങളും 'ഇത്‌ നിങ്ങൾക്ക്‌ പഠിക്കണ്ട' എന്നു പറഞ്ഞു തടിതപ്പുന്ന അധ്യാപകരുമുണ്ട്‌. കുട്ടികളുടെ നോട്ടുബുക്കുകൾ വാങ്ങി സ്കൂൾ അലമാരയിൽ ഭദ്രമായി പൂട്ടിവെക്കുന്നതും പതിവായിരിക്കുന്നു. തങ്ങൾ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങളിൽ പലതും തെറ്റാണെന്ന്‌ അത്തരം അധ്യാപകർക്ക്‌ ബോധ്യമുണ്ട്‌. ശരി എന്താണെന്നറിയില്ല താനും. അതുകൊണ്ട്‌, തെറ്റായ ഉത്തരങ്ങൾ മറ്റാരും കാണാൻ ഇടയാകരുതെന്ന 'സദുദ്ദേശ്യ'മാണ്‌ ഈ പ്രവൃത്തിക്കു പിന്നിൽ. ഇതിന്റെ പേരിൽ കുട്ടികളോട്‌ 'കബോർഡ്‌ ഫീസ്‌' വാങ്ങാനും സ്കൂൾ അധികൃതർ മറക്കാറില്ല. നോട്ടുബുക്കിൽ എഴുതിയിരിക്കുന്ന ഉത്തരങ്ങൾ മറ്റാരെയും കാണിക്കരുതെന്ന്‌ പല അധ്യാപകരും കുട്ടികൾക്ക്‌ കർശനനിർദ്ദേശം നൽകുന്നതിന്റെ 'ഗുട്ടൻസ്‌' ഇപ്പ പിടികിട്ടിയാ ?



ക്ലാസിൽ മറ്റു കുട്ടികളെ അപേക്ഷിച്ച്‌ ഭേദമെന്നു തോന്നുന്ന കുട്ടിയെ ആശ്രയിക്കുന്ന അധ്യാപകരും കുറവല്ല. 'ആ കുട്ടി പറയുന്നതു പോലെ എല്ലാവരും എഴുതിയെടുത്തോളൂ' എന്നാണ്‌ അധ്യാപകൻ മറ്റുകുട്ടികൾക്ക്‌ നൽകുന്ന നിർദ്ദേശം. അധ്യാപകൻ പഠിപ്പിക്കുന്നതു തെറ്റാണെന്നും ശരി എന്താണെന്നും പറയുന്ന കുട്ടിയോട്‌ 'ഞാൻ പറയുന്ന പോലങ്ങ്‌ പഠിച്ചാൽ മതി' എന്നാജ്ഞാപിക്കുകയും കുട്ടികൾ എഴുതുന്ന ശരിയുത്തരങ്ങൾ വെട്ടിക്കളയുകയും, തങ്ങൾ പഠിപ്പിക്കുന്ന തെറ്റുകൾ എഴുതി വെക്കുന്നതിനു മാർക്ക്‌ നൽകുകയും ചെയ്യുന്നത്‌ പതിവായിരിക്കുന്നു. 



സംശയങ്ങൾ ചോദിക്കാനും ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌. അതിന്‌, അധ്യാപകന്‌ തന്റെ അറിവിലും കഴിവിലും വിശ്വാസമുണ്ടായിരിക്കണം. അതില്ലാത്തവരാണ്‌ കുട്ടികളെ അടിച്ചിരുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത്‌, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നത്‌, ചിന്തിക്കാൻ കുട്ടികളെ അനുവദിക്കാത്തത്‌. നമ്മുടെ ചില രാഷ്ട്രീയ നേതാക്കളെപ്പോലെ.



വ്യാകരണത്തെറ്റുകൾ ഇന്ന്‌ സർവ്വസാധാരണമായിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഭാഷയ്ക്ക്‌ വ്യാകരണമേ ആവശ്യമില്ലെന്നാണ്‌ കേരളത്തിലെ ഒരു കരിക്കുലം ഡയറക്ടറുടെ പോലും കണ്ടുപിടുത്തം. 'വൃത്തം, അലങ്കാരം, വ്യാകരണം എന്നിവയുടെ കാര്യത്തിൽ, കുട്ടികളെ വിഷമിപ്പിക്കുന്ന ചോദ്യരീതി പൂർണ്ണമായി ഉപേക്ഷിച്ചിട്ടുണ്ട്‌' - 2008 ജനുവരി 11 ലെ മാതൃഭൂമി ദിനപത്രത്തിൽ അന്നത്തെ കരിക്കുലം ഡയറക്ടർ എസ്‌.എസ്‌.എൽ.സി മലയാളം ഒന്നാം പേപ്പർ ചോദ്യമാതൃകയെപ്പറ്റി എഴുതിയ ലേഖനത്തിലെ ഒരു വാക്യമാണിത്‌. ഭാഷയിൽ നിന്ന്‌ വ്യാകരണത്തെ വേർതിരിച്ചെടുക്കുന്നതെങ്ങനെയെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഒരു കാര്യം എല്ലാവരും ഒരു വിധത്തിൽ തന്നെ പറയാൻ വേണ്ടിയാണ്‌ വ്യാകരണം. ഒരു കാര്യം പലയാളുകൾ പലവിധത്തിൽ പറഞ്ഞാൽ ആശയക്കുഴപ്പമായിരിക്കും ഫലം. കാര്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. വ്യാകരണം 'പൂർണ്ണമായി ഉപേക്ഷിച്ചു'കൊണ്ട്‌ ഭാഷ പഠിക്കുന്നതെങ്ങനെയെന്ന് ആർക്കും മനസ്സിലാവുകയില്ല. വിദ്യാഭ്യാസവകുപ്പിന്റെയും മറ്റും തലപ്പത്തിരിക്കുന്ന പല 'വിദഗ്ദന്മാ'രുടെയും പരീക്ഷായോഗ്യതകളും തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകളുമൊക്കെ വ്യാജമാണെന്ന അഭിപ്രായം ശരിവെയ്ക്കുന്നത്ര താഴ്‌ന്ന നിലവാരമാണ്‌ അവരിൽ പലരുടെയും.



കേരളത്തിലെ ശരാശരി വിദ്യാർത്ഥിയുടെ പൊതുവിജ്ഞാനം വളരെ മോശമാണ്‌. വായനാശീലം കുറഞ്ഞതാണ്‌ പ്രധാനകാരണം. മൺമറഞ്ഞ മഹാന്മാരെക്കുറിച്ച്‌ പുതിയ തലമുറ തികച്ചും അജ്ഞരാണ്‌. എന്തെങ്കിലും പ്രത്യേക ആവശ്യം വരുമ്പോൾ മാത്രമാണ്‌ പുസ്തകങ്ങളെയും ഇന്റർനെറ്റ്‌ പോലുള്ള ആധുനികസൗകര്യങ്ങളെയും ആശ്രയിക്കുക. ടി.വി യാകട്ടെ, പൈങ്കിളി കഥകൾ കുത്തിനിറച്ച, അനന്തമായി നീളുന്ന സീരിയലുകൾ കാണാനാണ്‌ ബഹുഭൂരിപക്ഷം പ്രേക്ഷകരും ഉപയോഗിക്കുന്നത്‌.



മൂല്യച്യുതിയാണ്‌ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ മറ്റൊരു പ്രധാന പോരായ്മ. ഒരു ആഗോള പ്രതിഭാസമാണ്‌ ഇതെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. പ്രശ്നം അത്ര ഗുരുതരമാണ്‌. ഒരു രാജ്യത്തിന്റെ ശാപമാണ്‌ മൂല്യബോധമില്ലാത്ത ജനത. ലക്ഷ്യം പോലെ തന്നെ മഹത്തായിരിക്കണം മാർഗ്ഗവും. ഇവിടെ ലക്ഷ്യമേ മോശം. മാർഗ്ഗം അതിലും മോശം. എതു മാർഗ്ഗം സ്വീകരിച്ചും 'സുഖിക്കുക, അടിച്ചുപൊളിച്ചു ജീവിക്കുക' ഇതാണ്‌ പുതിയ തലമുറയുടെ മുദ്രാവാക്യം. മറ്റൊന്നും അവർക്ക്‌ പ്രശ്നമേയല്ല. നേതൃത്വമാണ്‌  നല്ലൊരു പരിധി വരെ ഈ ദുരവസ്ഥയ്ക്ക്‌ ഉത്തരവാദികൾ. അവരാണ്‌ ഈ വൃത്തികെട്ട മാതൃക കാട്ടിക്കൊടുക്കുന്നത്‌.



എന്താണ്‌ ഇതിനൊക്കെ പരിഹാരം ? അതാണല്ലോ പ്രധാനം. മൂല്യബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. വ്യക്തിത്വത്തിന്റെ സമഗ്രമായ വികസനമാണ്‌ വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ന തത്ത്വം അംഗീകരിച്ച്‌, സ്വഭാവരൂപീകരണത്തിനു മുൻതൂക്കം നൽകുക. വിവരശേഖരണമല്ല വിദ്യാഭ്യാസം എന്ന വസ്തുതയെക്കുറിച്ച്‌ 'വിദഗ്ദന്മാർ'ക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തുക. പണ്ടത്തെ പോലെ ഗുണപാഠങ്ങളുള്ള, മഹാന്മാരുടെ ജീവിതകഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. പ്രവേശനത്തിലും ഉദ്യോഗനിയമനത്തിലും മറ്റും ബാഹ്യമായ പരിഗണനകളുടെയും പണത്തിന്റെയും അതിപ്രസരം ഒഴിവാക്കുക. മെറിറ്റിനു മറ്റെന്തിനേക്കാളും കൂടുതൽ പ്രാമുഖ്യം നൽകുക. ഇത്രയും കാര്യങ്ങൾക്ക്‌ ശ്രദ്ധ നൽകിയാൽ കേരളത്തിലെ വിദ്യാഭ്യാസനിലവാരം നല്ലൊരു പരിധിവരെ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.


O


PHONE : 9447091998




5 comments:

  1. പണ്ടൊക്കെ കൂടുതലും മലയാളം മീഡിയമായിരുന്നു,രക്ഷിതാക്കൾക്ക് കുട്ടികൾ പഠിക്കുന്ന സ്ഥലം പ്രസ്റ്റീജ് ഇഷ്യു ആയിരുന്നില്ല. അവിടെ അറ്റ്ലീസ്റ്റ് മലയാളം എങ്കിലും നന്നായി പഠിച്ചു.
    ഇപ്പോൾ ഇംഗ്ലിഷിനു കൂടുതൽ പ്രാമുഖ്യം കൊടുത്ത് രണ്ടും ഇല്ലാതായി...

    പക്ഷേ ലേഖനത്തിൽ പ്രതിപാധിച്ച അത്ര രൂക്ഷമാണോ കാര്യങ്ങൾ ? അറിയില്ല.

    ReplyDelete
    Replies
    1. 'അധ്യാപകരോട്‌ - ക്ഷമാപണപൂർവ്വം' എന്ന എന്റെ ലേഖനത്തോടു പ്രതികരിച്ചതിന് നന്ദി. ലേഖനത്തില്‍ പ്രതിപാദിച്ചതിലും(പ്രതിപാധിച്ച അല്ല)രൂക്ഷമാണ് യാഥാര്‍ത്ഥ്യം സംശയം വേണ്ട.

      Delete
  2. ഭാഷാവിഷയങ്ങളില്‍ വിദ്യാഭ്യാസരംഗം വന്‍ പരാജയമാണെന്നതു സ്പഷ്ടമാണ്. ദു:ഖകരവുമാണ്.
    പക്ഷെ, ലേഖനത്തില്‍ പറയുന്ന ഇനം അധ്യാപകര്‍ ഇപ്പോഴില്ല, എന്ന് പറയട്ടെ. അത്തരം ഉദാഹരണങ്ങള്‍ പഴപഴഞ്ചനും ഒറ്റപ്പെട്ടതുമാണ്. അദ്ധ്യാപകസമൂഹത്തില്‍ ഉണ്ടായിട്ടുള്ള വലിയമാറ്റം തിരിച്ചറിയേണ്ടതാണ് . സിലബസ്‌, ക്ലാസ്സ്‌ റൂം പ്രവര്‍ത്തനങ്ങള്‍ ,ക്രമസമാധാന പ്രശ്നങ്ങള്‍, സി.ഇ. മാര്‍ക്ക്‌, പരീക്ഷാരീതി, പരീക്ഷാഫലം തുടങ്ങി കെട്ടുറപ്പുള്ള സംവിധാനമാണ് ഇന്നത്തെ സ്കൂള്‍ . പോരായ്മകള്‍ തീര്‍ച്ചയായും ഉണ്ട്. കുറേക്കൂടി വാസ്തവ ബോധത്തോടെ ഈവിഷയം ചര്‍ച്ച ചെയ്യുന്നത് നമുക്കെല്ലാവര്‍ക്കും ഗുണം ചെയ്യും.

    ReplyDelete
    Replies
    1. എം ബി പിള്ളMay 25, 2012 at 11:31 AM

      'അധ്യാപകരോട്‌ - ക്ഷമാപണപൂർവ്വം' എന്ന എന്റെ ലേഖനത്തോടു പ്രതികരിച്ചതിന് നന്ദി. അധ്യാപരും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും പല നടപടികളും എടുത്തുകൊണ്ടിരിക്കുകയാണെന്നതു വാസ്തവം തന്നെ.പ്രതിക്ഷേതവും ഭീക്ഷണിയുമൊക്കെ അനുസ്യുതം തുടരുന്നു. ജനു. ഒന്നു മുതല്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. അദ്ദേഹം ഉത്ഘാടനം ചെയ്യപ്പെട്ടു. ആദരാജ്ഞലികളാണ് പലരും അര്‍പ്പിക്കുന്നത്.മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ പരസ്യ ബോര്‍ഡ്‌ എഴുതിച്ച അധ്യാപകന്‍, വിദ്യാര്‍ഥികള്‍ എഴുതിയതൊന്നും ഇഷ്ടപ്പെടാതെ സ്വയം എഴുതിക്കൊടുത്തത് ഇങ്ങനെ: സാമൂഹിക പ്രതിബദ്ധതയും സംസ്കാരമുള്ളവരും. വ്യാകരണത്തെറ്റ് മാത്രമല്ല ഇതിലുള്ളത്.പ്രതിബദ്ധതയും സംസ്കാരവും ഇല്ലാത്തവര്‍ക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാം എന്ന ധ്വനിയും ഉണ്ട്. സമ്മേളനത്തെ അഭിസംബോദന ചെയ്തു സംസാരിക്കുന്നവരും ധാരാളമുണ്ട്.അഭിസംബോധന ചെയ്താല്‍ മതി. അതിന്റെ കൂടെ പിന്നെ സംസാരിക്കേണ്ട ആവശ്യം ഇല്ല. താങ്കള്‍ അല്പം ഒന്നു ശ്രദ്ധിച്ചാല്‍ സ്വയം ഇതൊക്കെ ബോധ്യപ്പെട്ടുകൊള്ളും.

      Delete
  3. http://www.scribd.com/doc/95825683/Mukham-Nokkathe

    ReplyDelete

Leave your comment