കവിത
ഇടക്കുളങ്ങര ഗോപൻ
അഴീക്കോടനെ കുത്തിയ കത്തിയും
കൃഷ്ണപിള്ളയെ കടിച്ച പാമ്പും
പാർട്ടി കോൺഗ്രസ്സിൽ കണ്ടുമുട്ടി
നയസമീപനങ്ങളുടെ എരിതീയിൽ
കുരുത്തതൊന്നും വാടില്ലെന്ന്,
മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലിടിച്ചും
ഇടതടവില്ലാതെ മൈക്കുസേവയിൽ
അണികളെ ഉദ്ബോധിപ്പിച്ചും,
പരിക്ഷീണിതരായ നേതാക്കളെ
അവർ അഭിസംബോധന ചെയ്തു.
മുറിമൂക്കൻ ദിവാന്റെ പ്രേതം കയറിയ
പ്രസീഡിയം സഖാക്കൾ
പുന്നപ്രയിലും വയലാറിലും
ചോരയിൽ കിളിർത്ത കമ്യൂണിസ്റ്റ്‌പച്ചയിൽ,
റിയൽ എസ്റ്റേറ്റ് സ്വപ്നം മെനഞ്ഞു.
പാർട്ടി സെക്രട്ടറി ലാപ്ടോപ്പിൽ
വിദേശപ്രതിനിധികൾക്ക് കുട്ടനാടൻ
കർഷകരെ പരിചയപ്പെടുത്തി.
കയ്യൂരിലും കരിവള്ളൂരിലും
രക്തസാക്ഷിമണ്ഡപങ്ങൾ പെയിന്റുചെയ്ത
കണക്കിൽ പിഴവുണ്ടെന്ന
പ്രതിനിധി സഖാക്കളുടെ ആരോപണത്തെ
അരാഷ്ട്രീയ സമീപനമെന്ന് പരിഹസിച്ച്,
വോട്ടിനിട്ട് തള്ളി.
പയ്യാമ്പലം കടപ്പുറത്ത്,
സ്വദേശാഭിമാനിയുടെ നേതൃത്വത്തിൽ
പത്രസിൻഡിക്കേറ്റ് കൂടി റിപ്പോർട്ട് ചോർത്തി.
ചർച്ചയിൽ കത്തിയും കരിമൂർഖനും
ഒളിഞ്ഞും തെളിഞ്ഞും അങ്കം വെട്ടി.
സെക്രട്ടറി പരീക്ഷയിൽ,
കൃഷ്ണപിള്ളയെ കടിച്ച പാമ്പിനെ
ബക്കറ്റിലലയടിച്ച കടലിൽ തള്ളി,
അഴീക്കോടന്റെ ചങ്കുതകർത്ത കത്തി
നക്ഷത്രം മിന്നിച്ചു !
പിന്നെയും ഒടുങ്ങാത്ത ചർച്ചകൾ,
ടിവി ചാനലുകളിലെ ഒമ്പതുമണിജഡ്ജിമാർ
കയ്യടക്കി കയ്യടി വാങ്ങി.
അടിയൊക്കെ നിനക്കെന്നും,
പണമൊക്കെ എനിക്കെന്നും,
ചെണ്ടയോട് മാരാരുടെ സുവിശേഷപ്രഘോഷണം.
O
PHONE : 9447479905
No comments:
Post a Comment
Leave your comment